ട്രംപിനെ തിരുത്തി ബൈഡൻ തുടങ്ങി; ആദ്യ ദിനം ഒപ്പിട്ടത്​ 17 ഉത്തരവുകളിൽ

വാഷിം​ഗ്ടൺ: മുൻ പ്രസിഡന്‍റ്​ ഡോണൾഡ്‌ ട്രംപിന്‍റെ നയങ്ങൾ തിരുത്തി പുതിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രവർത്തനം തുടങ്ങി. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ്ഹൗസിൽ എത്തിയ ബൈഡൻ, ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളിൽ ഒപ്പിട്ടു.

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്. വിസ നിയമങ്ങളിലും അഭയാർത്ഥി പ്രശ്നത്തിലും കൂടുതൽ ഉദാരമായ നടപടികൾ ഉടൻ ഉണ്ടാകും.

മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം മരവിപ്പിക്കാനും കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും കുടിയേറ്റ വിലക്ക് നീക്കാനുമുള്ള ഉത്തരവുകൾ ജോ ബൈഡന്‍ ആദ്യ ദിനം ഒപ്പിട്ടവയിലുണ്ട്​.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റത് ഇന്നാണ്. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.

ജനാധിപത്യത്തിന്റെ ദിനമെന്നാണ് തന്റെ സത്യപ്രതിജ്ഞ ദിനത്തെ ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കകത്തുള്ള ഭിന്നതകളെയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. വര്‍ണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്ക്കുമെതിരെ നില കൊള്ളുമെന്ന്​ അദ്ദേഹം പറഞ്ഞു. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.