'അമേരിക്കയും റഷ്യയും പരസ്പരം വെടിയുതിർത്താൽ അത് ലോകമഹായുദ്ധമാകും'; മുന്നറിയിപ്പുമായി ബൈഡൻ

വാഷിംഗ്ടൺ: യുക്രെയ്നിലെ അമേരിക്കൻ പൗരന്മാരോട് 48 മണിക്കൂറുകൾക്കുള്ളിൽ നാട്ടിലേക്ക് മടങ്ങാൻ നിർദേശിച്ച് അമേരിക്കൻ ​പ്രസിഡന്റ് ജോ ബൈഡൻ. മുൻ സോവിയറ്റ് യൂനിയൻ രാജ്യമായ യുക്രെയ്നെ റഷ്യ ഏത് നിമിഷവും ആക്രമിച്ചേക്കാമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.

'അമേരിക്കൻ പൗരന്മാർ ഇപ്പോൾ തന്നെ തിരിച്ചുവരണം'.. - എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. 'ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നുമായാണ് നമ്മുടെ ഇടപാട്. അത് വളരെ വ്യത്യസ്തമായ ഒരു സാഹചര്യമാണ്. കാര്യങ്ങൾ പെട്ടന്ന് ഭ്രാന്തമായേക്കാം...' -അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ അധിനിവേശമുണ്ടായാലും അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ബൈഡൻ നേരത്തെ അറിയിച്ചിരുന്നു. 'അമേരിക്കക്കാരും റഷ്യക്കാരും പരസ്പരം വെടിയുതിർത്താൽ അത് ലോകമഹായുദ്ധമാണ്. നാമിപ്പോഴുള്ളത് വളരെ വ്യത്യസ്തമായ ലോകത്താണ്. - ബൈഡൻ കൂട്ടിച്ചേർത്തു.

ശീതയുദ്ധത്തിന് ശേഷം റഷ്യ - അമേരിക്ക നയതന്ത്ര ബന്ധം ഏറ്റവും മോശമായ കാലമാണിത്. യുക്രെയ്നുമായുള്ള അതിർത്തിക്കടുത്തുള്ള ഡസൻ കണക്കിന് യുദ്ധ ബ്രിഗേഡുകളിൽ ഏകദേശം 130,000 റഷ്യൻ സൈനികരുടെ സംഘമുണ്ടെന്ന് യുഎസ് കണക്കാക്കുന്നു.

യുക്രെയ്ൻ അതിർത്തിയിൽ വൻ സൈനിക വിന്യാസം നടത്തിയതോടെ മേഖലയിൽ ഉടലെടുത്ത സംഘർഷത്തിന് റഷ്യ അയവുവരുത്തണമെന്ന് ബ്രിട്ടീഷ് നയതന്ത്രപ്രതിനിധികൾ അറിയിച്ചിരുന്നു. യുക്രെയ്നെ ആക്രമിച്ചാൽ റഷ്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് ആവർത്തിച്ച് മുന്നറിയിപ്പു നൽകി. യുക്രെയ്നി​ന്‍റെ പരമാധികാരവും സ്വാതന്ത്ര്യവും മാനിക്കാനും മേഖലയിലെ സംഘർഷത്തിന് പരിഹാരം കാണാനും റഷ്യ തയാറാകണമെന്നും ട്രൂസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പാശ്ചാത്യ രാജ്യങ്ങളുടെ ക്ലാസ് ആവശ്യമില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് താക്കീതി​ന്‍റെ സ്വരത്തിൽ മറുപടി നൽകി.

Tags:    
News Summary - Joe Biden Asks Americans To Leave Ukraine Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.