ഗസ്സയിൽ നടക്കുന്നത് വംശഹത്യ; ഫലസ്തീന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ നടി ജെന്നിഫർ ലോറൻസ്

ഫലസ്തീന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ നടി ജെന്നിഫർ ലോറൻസ്. ഗസ്സയിൽ ഇ​സ്രായേൽ നടത്തുന്നത് വംശഹത്യയല്ലാതെ മറ്റൊന്നുമല്ലെന്നും ഓസ്കർ ​ജേതാവ് കൂടിയായ നടി വ്യക്തമാക്കി. സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളക്കിടെ 'ഡൈ, മൈ ലവ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് നടി ഗസ്സയിലെ കൂട്ടക്കുരുതിയെ കുറിച്ച് പറഞ്ഞത്. ഫെസ്റ്റിവൽ മോഡറേറ്റർ തടയാൻ ശ്രമിച്ചിട്ടും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ജെന്നിഫർ മറുപടി നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

''എനിക്ക് പേടിയാണ്, ഇത് വേദനിപ്പിക്കുന്നതാണ്. ഗസ്സയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് വംശഹത്യയിൽ കുറഞ്ഞ ഒന്നുമല്ല, അതൊരിക്കലും അംഗീകരിക്കാനാവില്ല. എന്‍റെ കുഞ്ഞുങ്ങളെയും ലോകത്തുള്ള എല്ലാ കുഞ്ഞുങ്ങളെയും ഓർത്ത് ഞാൻ ഭയപ്പെടുകയാണ്''-ജെന്നിഫർ പറഞ്ഞു.

ഈ കൂട്ടക്കൊലയിൽ നിശ്ശബ്ദത പാലിക്കുന്ന അമേരിക്കയുടെ രാഷ്ട്രീയ നിലപാടിനെയും ജെന്നിഫർ വിമർശിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിലെ അനാദരവിനെ കുറിച്ചാണ് അവർ തുറന്നുപറഞ്ഞത്. 18 വയസിൽ വോട്ട് ചെയ്യുന്ന ഇപ്പോഴത്തെ കുട്ടികൾക്ക് രാഷ്ട്രീയത്തിൽ സത്യസന്ധതയില്ലെന്ന് തോന്നുന്നത് തികച്ചും സാധാരണ കാര്യമാണെന്നും അവർ വ്യക്തമാക്കി.

രാഷ്ട്രീയക്കാർ കള്ളൻമാരാണ്. അവർക്ക് ഒരു കരുണയുമില്ല. ലോകത്തിന്റെ ഒരു വശത്ത് സംഭവിക്കുന്നത് നിങ്ങൾ അവഗണിക്കുമ്പോൾ, അത് നിങ്ങളുടെ പക്ഷത്തേക്കും വരാൻ അധിക നാളെടുക്കില്ലെന്ന് എല്ലാവരും ഓർക്കണമെന്നും ജെന്നിഫർ മുന്നറിയിപ്പ് നൽകി. വളരെ സങ്കീർണവും അപമാനകരവുമായ ഈ സാഹചര്യം പരിഹരിക്കാൻ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നുവെന്ന് ആഗ്രഹിച്ചു പോവുകയാണ്. ഒന്നും ചെയ്യാൻ കഴിയാത്തത് എന്റെ ഹൃദയത്തെ തകർക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു.

ഗസ്സയിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ഇസ്രായേലി ചലച്ചിത്ര സ്ഥാപനങ്ങളെ ബഹിഷ്‍കരിക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രതിജ്ഞയിൽ അടുത്തിടെ നൂറുകണക്കിന് അഭിനേതാക്കളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും ഒപ്പുവെച്ചിരുന്നു.

അമേരിക്കൻ നടീ നടൻമാരായ മാർക്ക് റുഫല്ലോ, എമ്മ സ്റ്റോൺ,ജോക്വിൻ ഫീനിക്സ്, ഒലിവിയ കോൾമാൻ, അവാ ഡുവെർണേ, ജാവിയർ ബാർഡെം, റെബേക്ക ഹാൾ, യോർഗോസ് ലാന്തിമോസ് എന്നിവര്‍ ഇതിൽ ഒപ്പിട്ടിരുന്നു. എന്നാൽ ജെന്നിഫര്‍ അതിൽ ഒപ്പുവെച്ചിരുന്നില്ല. 'ആരാണ് ഉത്തരവാദികളെന്ന് ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ' എന്നാണ് പ്രതിജ്ഞയെ പരാമര്‍ശിച്ചുകൊണ്ട് ജെന്നിഫർ പറഞ്ഞത്.

ഇസ്രായേലിനെ പിന്തുണക്കുന്ന നടിയും കൊമേഡിയനുമായ ആമി ഷൂമറിനെ പിന്തുണച്ചതിനെതിരെ ജെന്നിഫറിനെതിരെ ആരാധകർ രംഗത്തുവന്നിരുന്നു. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ മിന്നൽ ആക്രമണത്തിൽ ഇസ്രായേലിന് പിന്തുണനൽകിയായിരുന്നു ആമി ഷൂമർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. വൻ പ്രതിഷേധത്തെ തുടർന്ന് തന്റെ ഇൻസ്റ്റഗ്രാം കമന്റുകൾ പ്രവർത്തനരഹിതമാക്കി വെക്കാൻ ആമി ഷൂമർ നിർബന്ധിതയായി.

അതിനു ശേഷം മറ്റൊരു പോസ്റ്റുമായി അവർ രംഗത്തുവരികയുണ്ടായി. ​''ഹമാസ് ബന്ദികളാക്കി വെച്ച എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തണമെന്നും അതുപോലെ ഇസ്രായേലിന്റെ തടവിലുള്ള ഫലസ്തീനികൾ സ്വതന്ത്രരാവണമെന്നുമാണ് താൻ ആഗ്രഹിക്കുന്നത്. ജൂതൻമാരും മുസ്‍ലിംകളും ഒരുപോലെ സ്വതന്ത്രരായി ജീവിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. നിങ്ങളെ എല്ലാവരെയും പോലെ ഞാനും ആഗ്രിഹിക്കുന്നത് സ്വാതന്ത്ര്യമാണ്''-എന്നായിരുന്നു ആ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നത്.

അതിനിടെ, ഗസ്സയിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. 2023 ഒക്ടോബർ ഏഴു മുതൽ തുടങ്ങിയ ആക്രമണത്തിൽ 65,000ലേറെ ഫലസ്തീനികളുടെ ജീവനാണ് നഷ്ടമായത്. 160,000ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ മിന്നലാക്രമണത്തിൽ 1200 ഇസ്രായേൽ പൗരൻമാരും കൊല്ലപ്പെട്ടു.

Tags:    
News Summary - Jennifer Lawrence has spoken up about Israel’s war in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.