ഫലസ്തീൻ മാധ്യമപ്രവർത്തകക്ക് നൽകിയ പുരസ്കാരം ഐ.ഡബ്ല്യു.എം.എഫ് റദ്ദാക്കി; പുരസ്കാരത്തിന് ​വേണ്ടിയല്ല ജോലി ചെയ്യുന്നതെന്ന് മഹാ ഹുസൈനി

ഫലസ്തീൻ മാധ്യമപ്രവർത്തക മഹ ഹുസൈനിയുടെ പുരസ്കാരം ഇന്റർനാഷനൽ വിമൻസ് മീഡിയ ഫൗണ്ടേഷൻ(ഐ.ഡബ്ല്യു.എം.എഫ്) റദ്ദാക്കി. ഗസ്സയിലെ ഇസ്രായേലിന്റെ കൂട്ടക്കുരുതിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പരിഗണിച്ച് മഹാ ഹുസൈനിക്ക് ധീരതക്കുള്ള പുരസ്കാരം നൽകുന്നതെന്നായിരുന്നു ഐ.ഡബ്ല്യു.എം.എഫ് പ്രഖ്യാപിച്ചത്. ഇ​സ്രായേൽ ഇടതടവില്ലാതെ ആക്രമണം നടത്തുന്നതിനിടെ, പ്രസവസമയത്ത് ഗസ്സയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും ബോംബുകൾ വർഷിക്കുന്നതിനിടെ നടക്കാൻ കഴിയാത്ത തളർവാതം ബാധിച്ച സഹോദരനെ തോളിൽ ചുമക്കുന്ന ബാലികയുടെയും കഥകളാണ് അവർ വെളിച്ചത്ത് കൊണ്ടുവന്നത്.

മിഡിൽ ഈസ്റ്റ് ഐയിലായിരുന്നു റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. ജൂൺ 10നാണ് മഹാ ഹുസൈനിക്ക് ധീരതക്കുള്ള പുരസ്കാരം നൽകുമെന്ന് പ്രഖ്യാപിച്ചത്. പുരസ്കാരം ലഭിച്ച മൂന്നുപേരിൽ ഒരാളായിരുന്നു മഹ. എന്നാൽ 24 മണിക്കൂറിനകം പുരസ്കാരം റദ്ദാക്കിയതായി ഐ.ഡബ്ല്യു.എം.എഫ് അറിയിക്കുകയും ചെയ്തു. സംഘടനകളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായി മുമ്പ് മഹ നടത്തിയ പ്രസ്താവനകളാണ് പുരസ്കാരം പിൻവലിക്കാൻ കാരണമെന്ന് അവർ വിശദീകരിക്കുകയും ചെയ്തു. സമഗ്രതക്കും അസഹിഷ്ണുതക്കുമെതിരായ ചെറുത്തുനിൽപിനെ അടിസ്ഥാനമാക്കിയാണ് ഐ.ഡബ്ല്യു.എം.എഫ് പുരസ്കാരം നൽകുന്നത്. ആ തത്വങ്ങൾ പാലിക്കാതെ അതിനു വിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുന്നവരോട് സംഘടന ക്ഷമിക്കില്ലെന്നും കുറിപ്പിൽ വിശദീകരിച്ചു.

മഹാ ഹുസൈനിക്ക് പുരസ്കാരം നൽകിയിൽ ആദ്യം പ്രതിഷേധിച്ചത് യു.എസിലെ വലതുപക്ഷ സംഘടനകളാണ്. ഇസ്രായേൽ അധിനിവേശത്തിന് കീഴിലുള്ള തന്റെ ജീവിതാനുഭവങ്ങൾ വിവരിച്ചും അധിനിവേശത്തിനെതിരായ ചെറുത്തുനിൽപിനെ പിന്തുണച്ചും മഹ നടത്തിയ പഴയ ട്വീറ്റുകൾ റീട്വീറ്റ് ചെയ്തായിരുന്നു യു.എസിലെ വലതുപക്ഷ സംഘടനകളും ചില പ്രസിദ്ധീകരണങ്ങളും പ്രതിഷേധം അറിയിച്ചത്.

മഹാ ഹുസൈനി ജൂത വിരുദ്ധയും ഹമാസ് അനുഭാവിയും ആണെന്നായിരുന്നു അവരുടെ ആരോപണം. എന്നാൽ ധീരതക്കുള്ള പുരസ്കാരം ലഭിക്കുക എന്നതിന് ആക്രമണങ്ങൾക്ക് വിധേയയാകുക എന്നർഥമില്ലെന്നും അതിനിടയിലും നിങ്ങളുടെ ജോലി തുടരാൻ തീരുമാനിക്കുക എന്നതാണെന്നും മഹാ ഹുസൈനി വ്യക്തമാക്കി. ഈ സാഹചര്യം തിരിച്ചറിഞ്ഞിട്ടും തനിക്ക് പുരസ്കാരം നൽകിയ സംഘടന ചില സമ്മർദ്ദങ്ങൾക്ക് വഴങ്ങി അത് റദ്ദാക്കിയതിൽ ഖേദിക്കുന്നുവെന്നും അവർ ധീരമായ നിലപാടുകളിൽ നിന്ന് മുന്നോട്ടു പോയതിൽ വിഷമമുണ്ടെന്നും തന്റെ ​ജോലി ഒരിക്കലും പുരസ്കാരങ്ങൾക്ക് വേണ്ടിയായിരുന്നില്ലെന്നും അവർ തുടർന്നു. പുരസ്കാരത്തിന് പരിഗണിക്കാൻ ഒരിക്കലും താൻ അപേക്ഷ നൽകിയിട്ടില്ല. ഫലസ്തീനികളുടെ കഷ്ടപ്പാടുകൾ ലോകം അവഗണിക്കുന്നതും ഇസ്രായേലിന്റെ സമ്മർദങ്ങൾക്ക് ലോകം വഴങ്ങുന്നതും കണ്ടറിഞ്ഞാണ് താൻ പത്രപ്രവർത്തകയായതെന്നും ഫലസ്തീൻ മാധ്യമപ്രവർത്തകർ നേരിടുന്ന ശാരീരികവും മാനസികവുമായ ആക്രമണങ്ങൾ എന്താണെന്ന് ഈ പുരസ്കാരം റദ്ദാക്കലിലൂടെ ലോകമറിയുമെന്നും മഹാ ഹുസൈനി കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.