വാഷിങ്ടൺ: റഫയിലെ ഇസ്രായേൽ ആക്രമണം അതിർവരമ്പുകൾ ലംഘിക്കുന്നതല്ലെന്ന് യു.എസ്. റഫയിൽ ഇസ്രായേൽ പൂർണ്ണമായ രീതിയിൽ അധിനിവേശം തുടങ്ങിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. റഫയിലെ തമ്പുകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിലും യു.എസ് പ്രതികരണം നടത്തി.
തമ്പുകളിലെ ആക്രമണം ഹൃദയഭേദകവും ഭയാനാകവുമാണ്. ഈ സംഘർഷത്തിന്റെ ഭാഗമായി നിരപരാധിയായ ഒരാളുടെ പോലും ജീവൻ പൊലിയരുതെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. സംഭവത്തിൽ ഇസ്രായേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ആക്രമണം കൊണ്ട് യു.എസിന് നയംമാറ്റമുണ്ടാവില്ലെന്നും വൈറ്റഹൗസ് വക്താവ് അറിയിച്ചു.
വലിയ സൈന്യവും ആയുധങ്ങളുമായി ഇസ്രായേൽ റഫയിലെത്തിയിട്ടില്ല. വലിയ രീതിയിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയിട്ടില്ലെന്നും യു.എസ് വക്താവ് പറഞ്ഞു. നേരത്തെ റഫയിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങുകയാണെങ്കിൽ അവർക്ക് ആയുധങ്ങൾ നൽകുന്നതിൽ പുനഃപരിശോധനയുണ്ടാവുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
ഫലസ്തീൻ അഭയാർഥികളുടെ തമ്പുകൾക്കുമേൽ ബോംബിട്ട് 45 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ സേനക്കെതിരെ ലോകമാകെ രോഷം പുകയുമ്പോഴും റഫയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തുകയാണ് സൈനിക ടാങ്കുകൾ. മധ്യ റഫയിലെ അൽ അവ്ദ മസ്ജിദിന് സമീപം ടാങ്കുകൾ തീതുപ്പിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രായേൽ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
24 മണിക്കൂറിനിടെ ഗസ്സയിൽ 46 പേർകൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 36,096 ആയി. 81,136 പേർക്ക് പരിക്കുണ്ട്. റഫ കൂട്ടക്കുരുതിയെ കടുത്ത ഭാഷയിൽ അപലപിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഗസ്സയിൽ അടിയന്തര വെടിനിർത്തലാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. കൂട്ടക്കൊല ഹൃദയഭേദകമാണെന്ന് പറഞ്ഞ യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൺ, സംഭവത്തിൽ സുതാര്യ അന്വേഷണം വേണമെന്നും അഭിപ്രായപ്പെട്ടു. ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എൻ രക്ഷാസമിതി യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.