യുദ്ധാനന്തര ഗസ്സക്കായി പദ്ധതി അവതരിപ്പിച്ചില്ലെങ്കിൽ മന്ത്രിസഭ വിടുമെന്ന ഭീഷണിയുമായി ഇസ്രായേൽ മന്ത്രി

തെൽ അവീവ്: ഇസ്രായേലിന്റെ യുദ്ധകാല മന്ത്രിസഭയിൽ ഭിന്നത. യുദ്ധാനന്തര ഗസ്സക്കായി പദ്ധതി അവതരിപ്പിച്ചില്ലെങ്കിൽ മ​​ന്ത്രിസഭ വിടുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. ജൂൺ എട്ടിനകം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യുദ്ധാനന്തര ഗസ്സക്കുള്ള പദ്ധതി അവതരിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അല്ലെങ്കിൽ മന്ത്രിസഭ വിടുമെന്നും ഗാന്റ്സ് ഭീഷണി മുഴക്കി.

ശനിയാഴ്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഗസ്സയുടെ ഭരണത്തിനായി ആറ് പോയിന്റുകളുള്ള പദ്ധതിയാണ് ഗാന്റ്സ് മുന്നോട്ടുവെക്കുന്നത്. ബന്ദികളെ പൂർണമായും മോചിപ്പിക്കുക, ഗസ്സയെ നിരായുധവൽക്കരിക്കുക, ഗസ്സയുടെ ഭരണത്തിനായി അന്താരാഷ്ട്രതലത്തിൽ സഖ്യം രൂപീകരിക്കുക തുടങ്ങിയ നിർദേശങ്ങൾ അടങ്ങുന്ന പദ്ധതിയാണ് യുദ്ധാനന്തര ഗസ്സക്കായി ഗാന്റ്സ് അവതരിപ്പിക്കുന്നത്.

ബിന്യമിൻ നെതന്യാഹു പദ്ധതി അംഗീകരിച്ചില്ലെങ്കിൽ യുദ്ധകാല കാബിനറ്റിൽ നിന്നും പുറത്ത് പോകുമെന്നാണ് മുൻ പ്രതിരോധമന്ത്രി കൂടിയായ ഗാന്റ്സിന്റെ ഭീഷണി. നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളിയാണ് ഗാന്റ്സ്. ഇസ്രായേലിലെ പ്രതിപക്ഷത്തെ നയിക്കുന്നത് അദ്ദേഹമാണ്. കഴിഞ്ഞ വർഷം ഗസ്സയിൽ യുദ്ധം തുടങ്ങിയതിനെ തുടർന്നാണ് പ്രതിപക്ഷത്തേയും ചേർത്ത് നെതന്യാഹു യുദ്ധകാല കാബിനറ്റിന് രൂപം നൽകിയത്.

അന്താരാഷ്​ട്രതലത്തിൽ ഗസ്സയിലെ നെതന്യാഹുവിന്റെ നടപടികൾക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. ഇതിനിടെ മന്ത്രിസഭയിലുണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങൾ നെതന്യാഹുവിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഗസ്സയിലെ അധി​നിവേശം 225 ദിവസം പിന്നിട്ടിട്ടും ലക്ഷ്യം പൂർത്തീകരിക്കാൻ ഇതുവരെ നെതന്യാഹുവിന് സാധിച്ചിട്ടില്ല. ഇസ്രായേൽ ആക്രമണങ്ങളിൽ 35,000ത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം ഒഴിവാക്കി സമ്പൂർണ്ണമായ വെടിനിർത്തൽ ഗസ്സയിൽ നടപ്പിലാക്കാൻ ചർച്ചകൾ നടന്നുവെങ്കിലും ഇതൊന്നും പൂർണമായി ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

Tags:    
News Summary - Israel’s Gantz demands Gaza post-war plan, threatens to quit gov’t

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.