വെസ്റ്റ് ബാങ്കിലെ ആക്രമണം റിപ്പോർട്ട് ചെയ്യാനെത്തിയ വിദേശ മാധ്യമപ്രവർത്തകരെ ആക്രമിച്ച് ഇസ്രയേലി കുടിയേറ്റക്കാർ

വെസ്റ്റ്ബാങ്ക്: ജർമൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഡച്ച് വെല്ലെ (ഡി.ഡബ്ല്യു)യിലെ രണ്ട് മാധ്യമപ്രവർത്തകർ  അധിനിവേശ വെസ്റ്റ് ബാങ്കിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണത്തിന് ഇരയായി. റാമല്ലയുടെ വടക്കുള്ള ഫലസ്തീൻ ഗ്രാമമായ സിൻജിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലേഖകനും കാമറാമാനും ആക്രമിക്കപ്പെട്ടത്. കുടിയേറ്റക്കാരുടെ അക്രമം വർധിച്ചുവരുന്നതിനെതിരെ ആസൂത്രണം ചെയ്ത ഒരു പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു കൂട്ടം കുടിയേറ്റക്കാർ അവർക്ക് നേരെ കല്ലെറിഞ്ഞ് സ്ഥലത്തുനിന്ന് ഓടിക്കുകയായിരുന്നു.

ഡി.ഡബ്ല്യു ജീവനക്കാർക്ക് ശാരീരിക പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞു. പക്ഷെ, കാമറാമാൻ സഞ്ചരിച്ച വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഡി.ഡബ്ല്യുയുടെ അഭിപ്രായത്തിൽ ആക്രമണസമയത്ത് സന്നിഹിതരായിരുന്ന മറ്റ് അന്താരാഷ്ട്ര പത്രപ്രവർത്തകരും കല്ലേറിൽ അകപ്പെട്ടതിനെ തുടർന്ന് ഓടിപ്പോകാൻ നിർബന്ധിതരായി. ഡി.ഡബ്ല്യു ഡയറക്ടർ പീറ്റർ ലിംബർഗ് ആക്രമണത്തെ അപലപിച്ചു. 

‘ഈ ആക്രമണത്തെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല. വെസ്റ്റ് ബാങ്കിലെ എല്ലാ പത്രപ്രവർത്തകരുടെയും സുരക്ഷ ഇസ്രായേൽ സർക്കാർ ഉറപ്പ് നൽകണമെന്ന് ഞങ്ങൾ വ്യക്തമായി ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം  പ്രസ്താവനയിൽ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ സുരക്ഷക്ക് മേൽനോട്ടം വഹിക്കുന്ന ഇസ്രായേൽ സൈന്യം ഉടനടി പ്രതികരിച്ചില്ല.  സംഭവം പുനഃപരിശോധിക്കുമെന്ന് ഒരു വക്താവ് പിന്നീട് പറഞ്ഞു. 

‘ഫലസ്തീൻ റിപ്പോർട്ടർമാരെ ഇസ്രായേൽ ആസൂത്രിതമായി കൊലപ്പെടുത്തുന്നു’

അധിനിവേശ വെസ്റ്റ് ബാങ്കിൽ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ പുതിയതല്ല. മെയ് മാസത്തിൽ ഇസ്രായേൽ സേനയും കുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 13 റിപ്പോർട്ടർമാർക്കെങ്കിലും പരിക്കേറ്റു. ഒരിക്കൽ റാമല്ലക്ക് കിഴക്കുള്ള അൽ മുഗയ്യിർ ഗ്രാമത്തിൽ നടന്ന ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ കുടിയേറ്റക്കാർ ഒരു പത്രപ്രവർത്തകന്റെ തലയിൽ വടികൊണ്ട് അടിച്ചിരുന്നു. ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് റാമല്ലയിലെ അയാളെ ഒരു മെഡിക്കൽ സെന്ററിലേക്ക് മാറ്റി. 

നബുലസിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ കണ്ണീർവാതകം പ്രയോഗിച്ചതിനെ തുടർന്ന് ആറു പത്രപ്രവർത്തകർക്ക് താൽക്കാലിക ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ബെത്‌ലഹേമിൽ നടന്ന ഏറ്റുമുട്ടലിനിടെ ആറു പേർക്ക് കണ്ണീർവാതകം ഏൽക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. 

ഗസ്സയിൽ ഇസ്രായേൽ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് ഏറ്റവും പുതിയ ആക്രമണങ്ങൾ ഉണ്ടായത്. ജൂണിൽ പടിഞ്ഞാറൻ ഗസ്സ നഗരത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഫലസ്തീൻ ഫോട്ടോ ജേണലിസ്റ്റ് കൊല്ലപ്പെട്ടിരുന്നു.  ഇസ്മായിൽ അബു ഹതാബിന്റെ മരണം മീഡിയ ഓഫിസ് സ്ഥിരീകരിച്ചതോടെ 2023 ഒക്ടോബർ മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 228 ആയി. 

2023 ഒക്ടോബർ 7 മുതൽ, അധിനിവേശ വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ അക്രമം കുത്തനെ വർധിച്ചു. പലപ്പോഴും റൈഫിളുകൾ, കല്ലുകൾ എന്നിവ വഹിക്കുന്ന സായുധ കുടിയേറ്റക്കാർ ഫലസ്തീൻ ഗ്രാമങ്ങൾ ആക്രമിക്കുകയും വീടുകൾ, വാഹനങ്ങൾ, കൃഷിയിടങ്ങൾ എന്നിവ കത്തിക്കുകയും ചെയ്തു. മിക്കപ്പോഴും ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയോടെയാണിത്. 

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അധിനിവേശത്തിനിടെ ഏകദേശം മൂന്ന് ദശലക്ഷം ഫലസ്തീനികൾ താമസിക്കുന്നു. കൂടാതെ കിഴക്കൻ ജറുസലേം ഉൾപ്പെടെ 200ലധികം സെറ്റിൽമെന്റുകളിലായി 700,000ത്തിലധികം ഇസ്രായേലി കുടിയേറ്റക്കാരും താമസിക്കുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഈ സെറ്റിൽമെന്റുകൾ നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. 


Tags:    
News Summary - Israeli settlers attack German journalists reporting on West Bank violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.