തെൽ അവീവ്: ഗസ്സയിൽ ആണവായുധവും ഒരു സാധ്യതയാണെന്ന ഇസ്രായേൽ പൈതൃക മന്ത്രി അമിഹൈ എലിയാഹുവിന്റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം. വിവാദമായതോടെ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഇസ്രായേൽ പ്രതിപക്ഷ നേതാവ് യയ്ർ ലാപിഡ് രംഗത്തെത്തി. ഒരു ഉത്തരവാദിത്തവുമില്ലാത്ത മന്ത്രിയുടെ ഭ്രാന്തൻ പരാമർശം എന്നാണ് ലാപിഡ് പ്രസ്താവനയെ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എലിയാഹുവിന്റെ പ്രസ്താവന യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് പ്രതികരിച്ചു. കോൽ ബെറാമ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ജൂയിഷ് നാഷനൽ ഫ്രണ്ട് പാർട്ടി നേതാവായ എലിയാഹുവിന്റെ പരാമർശം. ഗസ്സയിലേക്ക് മാനുഷിക സഹായം നൽകുന്നതിനെയും മന്ത്രി എതിർത്തു. ഫലസ്തീൻ ജനതയുടെ വിധിയെ കുറിച്ച് ചോദിച്ചപ്പോൾ അവർ അയർലൻഡിലേക്കോ ഏതെങ്കിലും മരുഭൂമിയിലേക്കോ പോകട്ടെ എന്നായിരുന്നു എലിയാഹുവിന്റെ മറുപടി.
‘ഗസ്സയിലെ ഭീകരർ അതിനൊരു വഴി കണ്ടെത്തും. ഫലസ്തീന്റെയോ ഹമാസിന്റെയോ പതാക വീശുന്നവർ ഈ ഭൂമുഖത്ത് ജീവിക്കാൻ പാടില്ല’ -എലിയാഹു കൂട്ടിച്ചേർത്തു. വിവാദമായതോടെ വിശദീകരണവുമായി എലിയാഹു രംഗത്തെത്തി. ‘അതൊരു ആലങ്കാരിക പ്രയോഗമാണ് എന്ന് എല്ലാവർക്കും മനസ്സിലാകുന്നതാണ്.
എന്നാൽ, ഭീകരവാദത്തിനെതിരെ ശക്തമായ മറുപടി വേണം. ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാൻ ഇസ്രായേൽ സർക്കാർ ആവശ്യമായ എല്ലാ കാര്യവും ചെയ്യും’ -അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിലും വ്യാപക വിമർശനമാണ് ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.