ഇറാന്‍റെ ആക്രമണത്തിൽ തകർന്ന ഇസ്രായേലിലെ കെട്ടിടം
തെൽ അവിവ്: 12 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇറാന്‍റെ മിസൈലുകൾ തങ്ങളുടെ സൈനിക കേന്ദ്രങ്ങളിൽ പതിച്ച് നാശമുണ്ടാക്കിയതായി സമ്മതിച്ച് ഇസ്രായേൽ. ഐ.ഡി.എഫ് (ഇസ്രായേൽ പ്രതിരോധ സേന) കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചതായി സൈനിക ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതീവ സുരക്ഷയുള്ള തങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ട വിവരം ഇസ്രായേൽ ആദ്യമായാണ് സമ്മതിക്കുന്നത്.
ഏതാനും സൈനിക കേന്ദ്രങ്ങളിൽ ഇറാന്‍റെ മിസൈലുകൾ പതിച്ച് നാശമുണ്ടാക്കിയെന്നും എന്നാൽ കേന്ദ്രങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രായേലി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ, ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും എത്രത്തോളം നാശമുണ്ടായി എന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.
അഞ്ച് ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചെന്ന് കഴിഞ്ഞ ദിവസം ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു. ആകെ ആറ് മിസൈലുകളാണ് കേന്ദ്രങ്ങളിൽ പതിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അത്യാധുനിക സുരക്ഷയുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെടുന്ന സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടത് അവർക്ക് കനത്ത തിരിച്ചടിയാണ്.
12 ദിവസത്തെ യുദ്ധത്തിൽ ഇറാൻ 500ലേറെ ബാലിസ്റ്റിക് മിസൈലുകളും 1100ഓളം ഡ്രോണുകളും ഇസ്രായേലിലേക്ക് തൊടുത്തതായാണ് കണക്കുകൾ. ഇവയിൽ പലതും ഇസ്രായേലിൽ പതിച്ച് കനത്ത നാശമുണ്ടാക്കി. മറ്റുള്ളവയെ ഇസ്രായേൽ വ്യോമപ്രതിരോധമുപയോഗിച്ച് തകർക്കുകയും ചെയ്തു. ഇറാന്‍റെ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായും 3000ലേറെ പേർക്ക് പരിക്കേറ്റതുമായാണ് ഇസ്രായേലിന്‍റെ ഔദ്യോഗിക കണക്കുകൾ. 2300ലേറെ വീടുകൾക്കും 240 കെട്ടിടങ്ങൾക്കും രണ്ട് സർവകലാശാലകൾക്കും ഒരു ആശുപത്രിക്കും നേരെ ആക്രമണമുണ്ടായി. 13,000ത്തോളം പേർക്ക് വീടുവിട്ടിറങ്ങേണ്ടി വന്നിരുന്നു.
അതേസമയം, ഇറാനിൽ 1000ലേറെ പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാന്‍റെ സൈനിക ഉദ്യോഗസ്ഥരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടവരിലുൾപ്പെടും. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മധ്യസ്ഥതയിലാണ് ഇസ്രായേലും ഇറാനും വെടിനിർത്തലിലെത്തിയത്.
തെൽ അവീവ്: ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിലൂടെ ഇസ്രായേലിന് 12 ബില്യൺ ഡോളറിന്റെ (1.67 ലക്ഷം കോടി) നേരിട്ടുള്ള നഷ്ടം സംഭവിച്ചതായി ഇസ്രായേൽ. സൈനിക ചെലവുകൾ, മിസൈൽ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ, യുദ്ധം ബാധിച്ച വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള നഷ്ടപരിഹാരം, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, താൽക്കാലിക ഹോട്ടൽ താമസസൗകര്യങ്ങൾ, കുടിയിറക്കപ്പെട്ട താമസക്കാർക്കുള്ള ബദൽ ഭവനങ്ങൾ തുടങ്ങിയവക്കുവേണ്ടി വരുന്ന ചെലവുകൾ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
തെരുവുകളും കെട്ടിടങ്ങളും തകർന്നതിനാൽ പലരുടെയും ഉപജീവനം പ്രതിസന്ധിയിലായി. മാത്രമല്ല, ഇറാനെതിരായ ആക്രമണങ്ങൾക്കും തെഹ്‌റാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികൾക്കുമായി മന്ത്രിസഭ ഏതാണ്ട് 500 കോടി ഡോളർ ചെലവഴിച്ചതായി ഇസ്രായേലി ബിസിനസ് ദിനപത്രമായ കാൽക്കലിസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇസ്രയേലി പത്രമായ യെദിയോത്ത് അഹ്‌റോനോത്തിന്റെ റിപ്പോർട്ട് പ്രകാരം സർക്കാർ ട്രഷറിക്ക് ഇതിനകം 6.46 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായി. ഇറാന്റെ ആക്രമണങ്ങളിൽ ഏകദേശം 40,000ത്തിലധികം വീടുകളും ബിസിനസുകളും തകർന്നെന്നാണ് കണക്ക്. 10,600ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.
യുദ്ധം മൂലമുണ്ടായ സാമ്പത്തിക അടച്ചുപൂട്ടൽ ഇസ്രായേൽ സമ്പദ്‌വ്യവസ്ഥക്ക് പ്രതിദിനം ഏകദേശം 294 മില്യൺ ഡോളർ നഷ്ടമുണ്ടാക്കിയെന്ന് ഇസ്രായേലിന്റെ ഹിസ്റ്റാഡ്രട്ട് ലേബർ ഫെഡറേഷന്റെ ഡെപ്യൂട്ടി സാമ്പത്തിക ഡയറക്ടർ ആദം ബ്ലൂംബെർഗ് ഇസ്രായേലി വാർത്താ സൈറ്റായ മാരിവിനോട് പറഞ്ഞു. അതായത് 12 ദിവസത്തെ സംഘർഷത്തിൽ ബിസിനസുകൾക്ക് 3.5 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായി.
യുദ്ധച്ചെലവ് നികത്താൻ ഗസ്സക്കെതിരായ യുദ്ധകാലത്ത് ഇതിനകം വർധിച്ച ദേശീയ ബജറ്റ് കമ്മി ഇസ്രായേൽ ആറ് ശതമാനമായി വർധിപ്പിക്കുമെന്ന് കരുതുന്നു. ഇത് കുറഞ്ഞത് 0.2 ശതമാനം സാമ്പത്തിക വളർച്ചാ ഇടിവിനിടയാക്കുമെന്നും കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.