ഗസ്സ സിറ്റി: ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വെടിനിർത്തൽ പരിഗണനയിലില്ലെന്നും അത് തീവ്രവാദത്തിന് കീഴടങ്ങലാണെന്നും നെതന്യാഹു പറഞ്ഞു. ഇടതടവില്ലാതെ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മരണം 8306 ആയി. കൊല്ലപ്പെട്ടവരിൽ 3400 കുഞ്ഞുങ്ങളുണ്ടെന്ന് ഗസ്സ അധികൃതർ പറഞ്ഞു. ഗസ്സ സിറ്റിയിലേക്ക് ഇസ്രായേൽ സൈന്യം കൂടുതൽ അടുക്കുകയാണ്. തെക്കൻ നഗരമായ ഖാൻ യൂനിസിലും കനത്ത ആക്രമണം തുടരുകയാണ്.
ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഇസ്രായേൽ സൈന്യത്തിന്റെ അധിനിവേശം. തിങ്കളാഴ്ച പകൽ ഗസ്സ സിറ്റിക്കു പുറത്ത്, വടക്കൻ ഗസ്സയിൽനിന്ന് തെക്കോട്ടുള്ള പ്രധാന റോഡിൽ ഇസ്രായേലി സായുധ വാഹനങ്ങൾ എത്തി സിവിലിയൻ വാഹനങ്ങൾ ആക്രമിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നും ഉടൻ ആക്രമണമുണ്ടാകുമെന്നും ഗസ്സ സിറ്റി നിവാസികൾക്ക് ഇസ്രായേൽ സൈന്യത്തിന്റെ ഫോൺ മുന്നറിയിപ്പുമുണ്ടായിരുന്നു.
ഹമാസിന്റെ തുരങ്കങ്ങൾ തകർക്കുന്നതിന് വേണ്ടി ശക്തിയേറിയ ബോംബുകളാണ് ഇസ്രായേൽ പ്രയോഗിക്കുന്നത്. ഗസ്സ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രിക്ക് സമീപമുണ്ടായ മിസൈലാക്രമണം കനത്ത ആശങ്കയുയർത്തി.
ഇന്നലെ ഗസ്സ സിറ്റിക്കുപുറത്ത് ഫലസ്തീൻ പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഗസ്സ സിറ്റി ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ഷെല്ലിങ് നടത്തുകയാണ് ഇസ്രായേൽ ടാങ്കുകൾ. ഇവിടെ നിന്നും പുറത്തേക്കുപോകുന്ന വാഹനങ്ങൾക്കു നേരെ ടാങ്കുകൾ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.