റാമല്ല: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം ഫലസ്തീനി പെൺകുട്ടിയെ വധിച്ചു. ജന മജ്ദി സകർനീഹാണ് (16) തലക്ക് വെടിയേറ്റ് മരിച്ചത്. ജെനിൻ നഗരത്തിൽ റെയ്ഡ് നടത്തിയ സൈന്യം വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്ന പെൺകുട്ടിക്കുനേരെ വെടിയുതിർക്കുകയായിരുന്നെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. രണ്ട് ഫലസ്തീനികൾക്ക് പരിക്കേറ്റു.
രാത്രി പത്തോടെയാണ് ജെനിനിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയത്. ചെറുത്തുനിന്ന ഫലസ്തീനികളുമായി സൈന്യം ഏറ്റുമുട്ടി. കണ്ടുനിന്ന പെൺകുട്ടി കൊല്ലപ്പെട്ടതായ ആരോപണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വിഷയം അന്വേഷിക്കുന്നതായും സൈനിക അധികൃതർ പിന്നീട് വ്യക്തമാക്കി. ജന മജ്ദി സകർനീഹിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫലസ്തീനികൾ തിങ്കളാഴ്ച ജെനിനിൽ പൊതുപണിമുടക്ക് നടത്തി. ഈ വർഷം മാത്രം 50ലേറെ കുട്ടികളെയും 17 സ്ത്രീകളെയും അടക്കം 215 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. 2006നുശേഷം ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെട്ടത് ഈ വർഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.