വീണ്ടും ഫലസ്തീനി ബാലന്റെ മൃതദേഹം ഇസ്രായേൽ സേന മോഷ്ടിച്ചു

വെസ്റ്റ് ബാങ്ക്: രക്തമുറയുന്ന ക്രൂരതയുമായി വീണ്ടും ഇസ്രാ​യേൽ അധിനിവേശ സേന. വെസ്റ്റ് ബാങ്കിൽ വെടിവെച്ച് കൊലപ്പെടുത്തിയ മുഹമ്മദ് ഹിഷാം മുഹമ്മദ് ശഹാദ എന്ന 16കാരന്റെ മൃതദേഹം ബന്ധുക്കൾക്ക് ഒരുനോക്ക് കാണാൻ പോലും അനുവദിക്കാതെ ​സൈന്യം മോഷ്ടിച്ചു കൊണ്ടുപോയി.

അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്‍ലസിന് സമീപം യിത്സാറിൽ ചൊവ്വാഴ്ചയാണ് മുഹമ്മദ് ഹിഷാമിനെ ഇസ്രായേൽ അധിനിവേശ സൈന്യം വെടിവെച്ചുകൊന്നത്. ഹിഷാമിന് നേരെ നിരവധി തവണ വെടിയുതിർത്തതായി ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ ഫലസ്തീൻ (ഡി.​സി.ഐ.പി) അറിയിച്ചു. തുടർന്ന് ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി ആംബുലൻസ് സംഭവ സ്ഥലത്തേക്ക് കുതിച്ചെങ്കിലും ഇസ്രായേൽ തടഞ്ഞു. പിന്നാലെ, മൃതദേഹം ഇസ്രായേൽ ആംബുലൻസിൽ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ് ബാങ്കിൽ ജറുസലേമിന് സമീപം ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ 14 വയസ്സുള്ള വദീഅ് ഷാദീ സഅദ് ഇൽയാൻ എന്ന ബാലന്റെ മൃതദേഹവും ഇസ്രായേൽ സൈന്യം എടുത്തുകൊണ്ടുപോയതായി ഡി.​സി.ഐ.പി അറിയിച്ചിരുന്നു. 2016 ജൂൺ മുതൽ 28 ഫലസ്തീനി കുട്ടികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയത്. ഇതിൽ 3 കുഞ്ഞുങ്ങളുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരികെ നൽകിയത്.

ഇസ്രായേൽ സുപ്രീം കോടതിയുടെ ഒത്താശയോടെയാണ് ഈ കൊടുംക്രൂരത അരങ്ങേറുന്നത്. 2019 സെപ്റ്റംബറിൽ ഈ ക്രൂര നടപടിക്ക് കോടതി അംഗീകാരം നൽകിയിരുന്നു. ഇസ്രായേലി പൗരന്മാരെയോ സൈനികരെയോ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങൾ തടഞ്ഞുവെക്കണമെന്നും കുടുംബങ്ങൾക്ക് തിരികെ നൽകരുതെന്നും 2019 നവംബർ 27 ന് ഇസ്രായേൽ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റും ഉത്തരവിട്ടിരുന്നു. ഇത്തരത്തിൽ മൃതദേഹം പിടിച്ചെടുക്കുന്ന നയമുള്ള ലോകത്തിലെ ഏക രാജ്യമാണ് ഇസ്രായേൽ എന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇൻ്റർനാഷണൽ ചൂണ്ടിക്കാട്ടി.

നാല് ദിവസത്തി​നിടെ കൊലപ്പെടുത്തിയത് നാല് കുട്ടികളെ

ഈ ആഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ നിരവധി കൗമാരക്കാരിൽ ഒരാളാണ് മുഹമ്മദ് ഹിഷാം. തിങ്കളാഴ്ച ബുരിൻ ഗ്രാമത്തിൽ ഇസ്രായേൽ സൈന്യം 11 വയസ്സുകാരനെ തലക്ക് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അതേ സ്ഥലത്ത് നിന്ന് തന്നെ വെടിയേറ്റ 19 വയസ്സുകാരനും ബുധനാഴ്ച മരണത്തിന് കീഴടങ്ങി. ഫെബ്രുവരി 29 ന് ഇസ്രായേൽ സൈന്യം തലക്ക് വെടിവെച്ച 17കാരൻ ചൊവ്വാഴ്ച മരണപ്പെട്ടതായും ഡിഫൻസ് ഫോർ ചിൽഡ്രൻ ഫലസ്തീൻ റിപ്പോർട്ട് ചെയ്യുന്നു.

അന്താരാഷ്‌ട്ര നിയമപ്രകാരം, ജീവന് നേരിട്ടുള്ള ഭീഷണിയോ ഗുരുതരമായ പരിക്കോ ഏൽപിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ കുട്ടികൾക്കെതിരെ മനഃപൂർവമായ ബലപ്രയോഗം അംഗീകരിക്കുന്നുള്ളൂ. എന്നാൽ, ഇസ്രയേലി സൈന്യം ഈ നിയമങ്ങളൊന്നും പാലിക്കുന്നേയില്ലെന്നു മാത്രമല്ല, ​കുട്ടികളെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊല്ലുകയും ചെയ്യുന്നതായി ഡിസിഐപി ചൂണ്ടിക്കാട്ടി.

ഒക്‌ടോബർ ഏഴിന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം 108 ഫലസ്തീൻ കുട്ടികളെ ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്. 2024ൽ മാത്രം 27 ഫലസ്തീൻ കുട്ടികളാണ് അധിനിവേശ വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടത്. 

Tags:    
News Summary - Israeli forces confiscate body of teen shot dead in the West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.