ജറൂസലം: ഇസ്രായേൽ സൈന്യം ഗസ്സയിൽ മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ പ്രയോഗിക്കുന്നതായി റിപ്പോർട്ടുകൾ. ഗസ്സയിലെ അൽ-കരാമ മേഖലയിൽ കഴിഞ്ഞ രാത്രിയിൽ ഇസ്രായേൽ പ്രയോഗിച്ചത് വൈറ്റ് ഫോസ്ഫറസ് ബോംബുകളാണെന്ന് ഫലസ്തീൻ വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര നിയമപ്രകാരം കര്‍ശനമായി നിരോധിക്കപ്പെട്ടതാണ് സിവിലിയൻമാർക്ക് നേരെയുള്ള വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗം.
അൽ-കരാമയിലെ ഇസ്രായേൽ ബോംബിങ്ങിന്‍റെ ദൃശ്യങ്ങൾ ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം എക്സിൽ പോസ്റ്റ് ചെയ്തു. വൈറ്റ് ഫോസ്ഫറസ് ബോംബുകളാണ് പ്രയോഗിക്കുന്നതെന്നും സ്ഫോടനത്തിന്‍റെ തീവ്രത കാരണം ആംബുലൻസുകൾക്കോ സിവിൽ ഡിഫൻസ് വാഹനങ്ങൾക്കോ മേഖലയിലേക്ക് പ്രവേശിക്കാനാകാത്ത സാഹചര്യമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അസംഖ്യം ആളുകൾക്ക് പരിക്കേൽക്കാനും തീ ആളിപ്പടരാനും കാരണമാകുന്നവയാണ് വൈറ്റ് ഫോസ്ഫറസ് ബോംബുകൾ. ഫോസ്ഫറസ് വായുവുമായി ചേർന്ന് കത്തി പെട്ടെന്ന് ചൂടും വെളിച്ചവും പുകയും ഉണ്ടാക്കുന്നു. ഒരിക്കല്‍ കത്തിക്കഴിഞ്ഞാല്‍ വൈറ്റ് ഫോസ്ഫറസ് ചര്‍മത്തിലും വസ്ത്രത്തിലും പറ്റിപ്പിടിക്കും. ഇത് കോശങ്ങളിലേക്കും എല്ലുകളിലേക്കും ആഴത്തില്‍ തുളച്ചുകയറുന്ന തരത്തിലുള്ള പൊള്ളലിന് കാരണമാകും. സ്ഫോടനപരിധിയിലുള്ളവർക്ക് ശ്വാസതടസം, അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിലേക്ക് നയിക്കാനും ഇടയാകും. ഗസ്സ പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകളുടെ പ്രയോഗം പരിധിയില്ലാത്ത നാശത്തിന് കാരണമാകും.
നേരത്തെ, ആശുപത്രികളെയും പരിക്കേറ്റവരുമായി പോയ ആംബുലൻസുകളെയും ഇസ്രായേൽ സൈന്യം ആക്രമിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവുമുയർന്നു. രണ്ട് അഭയാർഥി ക്യാമ്പിന് നേരെയും ഇസ്രായേൽ മിസൈൽ പ്രയോഗിച്ചിരുന്നു. ആശുപത്രികളെയും അഭയാർഥി ക്യാമ്പുകളെയും ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണ്. അതേസമയം, ഹമാസ് പോരാളികൾ ആശുപത്രികളും ക്യാമ്പുകളും മറയാക്കുകയാണെന്ന് ആരോപിച്ചാണ് ഇസ്രായേൽ ആക്രമണത്തെ ന്യായീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.