അങ്കാറ: നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിക്കാൻ തുർക്കി-ഇസ്രായേൽ ധാരണ. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ ഇരുരാജ്യങ്ങളും അംബസഡർമാരെയും നിയമിക്കും. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങൾ വിപുലമാക്കുന്നതിനും മേഖലയിലെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സൗഹൃദം സഹായിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡിന്റെ ഓഫിസ് അറിയിച്ചു. ലാപിഡും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യബ് ഉർദുഗാനും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഫലസ്തീൻ വിഷയം തുർക്കി ഉപേക്ഷിക്കുകയാണെന്ന് ഇതിന് അർഥമില്ലെന്നും തുർക്കി വിദേശകാര്യ മന്ത്രി കാവൂസ് ഓഗ് ലു പറഞ്ഞു.
2018ൽ യു.എസ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ അറുപതോളം ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും അംബാസഡർമാരെ പുറത്താക്കിയത്.
ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് കഴിഞ്ഞ മാർച്ചിൽ തുർക്കി സന്ദർശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ 10 വർഷത്തോളമായി നിലനിൽക്കുന്ന സംഘർഷാവസ്ഥക്ക് അയവുവന്നത്. രണ്ടുവർഷം മുമ്പ് ബഹ്റൈൻ, യു.എ.ഇ, മൊറോക്കോ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം സ്ഥാപിച്ച ഇസ്രായേൽ മേഖലയിലെ വൻ ശക്തികളുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.