ഗസ്സ: നിരവധി ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഹമാസ്. പ്രത്യേക ഉപകരണങ്ങൾ ഇല്ലാതെ ഇവ പുറത്തെടുത്ത് മൃതദേഹങ്ങൾ കൈമാറാൻ കഴിയില്ലെന്നും ഹമാസ് അറിയിച്ചു. എന്നാൽ, മൃതദേഹങ്ങൾ തിരിച്ച് തന്നില്ലെങ്കിൽ ഗസ്സയിൽ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യാഴാഴ്ച ഭീഷണി മുഴക്കി.
രണ്ട് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഹമാസ് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് കാറ്റ്സിന്റെ മുന്നറിയിപ്പ്. ഇതുവരെ ഒമ്പത് ബന്ദികളുടെ മൃതദേഹമാണ് ഹമാസ് കൈമാറിയത്. നേരത്തെ കൈമാറിയ പത്താമത്തെ മൃതദേഹം ബന്ദിയുടേതല്ലെന്നും ഇസ്രായേൽ അറിയിച്ചു. അതേസമയം, ഇസ്രായേൽ കൊലപ്പെടുത്തിയ 30 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി ഗസ്സക്ക് കൈമാറി. ഇതോടെ കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം 120 ആയി. തിരിച്ചറിയൽ രേഖയില്ലാതെ റെഡ്ക്രോസ് വഴിയാണ് ഇസ്രായേൽ മൃതദേഹങ്ങൾ കൈമാറിയത്.
വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. വ്യാഴാഴ്ച കൊല്ലപ്പെട്ട മൂന്നുപേരുടേതും ബുധനാഴ്ച കൊല്ലപ്പെട്ട നാലുപേരുടേതുമടക്കം ഒരാഴ്ചക്കിടെ 24 മൃതദേഹങ്ങൾ കഴിഞ്ഞദിവസങ്ങളിൽ വിവിധ ആശുപത്രികളിലെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 24 ഫലസ്തീനികളെ ഇസ്രായേൽ വധിച്ചതായി ഹമാസും സ്ഥിരീകരിച്ചു. ഇക്കാര്യം വെടിനിർത്തൽ മധ്യസ്ഥതക്ക് ശ്രമിച്ച രാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ 360 ഫലസ്തീനികളുടെ മൃതദേഹങ്ങൾ തിരികെ നൽകാൻ ബാധ്യസ്ഥരാണ്. എന്നാൽ, ഇതുവരെ കൈമാറിയതാകട്ടെ 120 പേരുടെ മൃതദേഹങ്ങൾ മാത്രം. ഇതിൽ പലതും ക്രൂരതയുടെ സാക്ഷ്യപത്രങ്ങളാണെന്ന് ഇവ പരിശോധിച്ച ഗസ്സയിലെ ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. ‘മൃതദേഹങ്ങളിൽ പീഡനത്തിന്റെയും കൊലപ്പെടുത്തിയതിന്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നു. മിക്കവരുടെയും കണ്ണുകൾ മൂടിക്കെട്ടി, കൈകൾ ബന്ധിച്ച്, നെറ്റിയിൽ വെടിയേറ്റിരുന്നു’ -ഖാൻ യൂനിസിലെ നസർ ഹോസ്പിറ്റലിലെ ഡോ. അഹമ്മദ് അൽ-ഫറ വെളിപ്പെടുത്തി.
ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ തന്നില്ലെങ്കിൽ യു.എസുമായി ഏകോപിപ്പിച്ചുകൊണ്ട് ഹമാസിനെ പൂർണ്ണമായി പരാജയപ്പെടുത്താനും ഗസ്സയെ മാറ്റി മറിക്കാനും യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാറിലെ പ്രധാന തർക്കവിഷയമായി മൃതദേഹ കൈമാറ്റം ഇസ്രായേൽ ഉയർത്തുന്നുണ്ട്.
വെടിനിർത്തൽ ഉടമ്പടി പ്രകാരമുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റിയെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. കൈമാറാൻ സാധിക്കുന്ന എല്ലാ ജീവനുള്ള ബന്ദികളെയും മൃതദേഹങ്ങളും കൈമാറിയിട്ടുണ്ട്. എന്നാൽ, ബാക്കിയുള്ള മൃതദേഹങ്ങൾ യുദ്ധാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കുന്നതിന് വിപുലമായ ശ്രമങ്ങളും പ്രത്യേക ഉപകരണങ്ങളും ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിലെ കടുത്ത വെല്ലുവിളികൾ യുഎസ് ഉദ്യോഗസ്ഥരും അംഗീകരിച്ചു. മൃതദേഹങ്ങൾ കണ്ടെത്താൻ പ്രദേശവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പാരിതോഷികം ഏർപ്പെടുത്തുന്ന കാര്യവും മധ്യസ്ഥർ ആലോചിക്കുന്നുണ്ടെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാനുഷിക സഹായം എത്തിക്കുന്നതിനുള്ള നിർണായക പാതയായ ഗസ്സയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി (Rafah crossing) ഇന്ന് തുറക്കില്ലെന്ന് ഇസ്രായേൽ. റഫ അടഞ്ഞുകിടക്കുന്നത് മാനുഷിക പ്രതിസന്ധി വർധിപ്പിക്കുമെന്ന് സഹായ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷണം, ഇന്ധനം, മെഡിക്കൽ സാധനങ്ങൾ എന്നിവയുമായി 400 ട്രക്കുകൾ ഗസ്സയിലേക്ക് പോകുമെന്ന് ഈജിപ്ഷ്യൻ റെഡ് ക്രസന്റ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മൂന്നു മാസത്തേക്ക് ഗസ്സയിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കൾ തങ്ങളുടെ കൈവശമുണ്ടായിട്ടും ഇസ്രായേൽ അനുമതി നൽകാത്തതിനാൽ എത്തിക്കാൻ സാധിക്കുന്നില്ലെന്ന് യു.എൻ ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.