ലബനാനിൽ ഇസ്രായേൽ കുരുതി, ഹുർമുസ് അടച്ച് ഇറാൻ; വെടിനിർത്തലിന് അൽപായുസ്സെന്ന് ആശങ്ക

തെഹ്റാൻ/ വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇത് അട്ടിമറിക്കാനെന്നോണം ലബനാനിൽ നൂറോളം പ്രദേശങ്ങളിലായി ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ 250ലേറെ മരണം. യു.എസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തിയ യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കുന്നതിനായി, ‘ലബനാൻ ആക്രമണം അവസാനിപ്പിക്കൽ’ ധാരണ ലംഘിച്ചാണ് ഇസ്രായേൽ നരനായാട്ട്. ഇതേതുടർന്ന് ഇറാൻ ഹുർമുസ് അടച്ചു.

യു.എസും ഇറാനും ധാരണയായി മണിക്കൂറുകൾക്കകമാണ് ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ 10 മിനിറ്റിനിടെ നൂറിലധികം മിസൈലുകൾ പതിച്ചത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അഞ്ചാഴ്ചയായി ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇസ്രായേൽ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച ഇറാൻ, പ്രതിഷേധമെന്നോണം ഹുർമുസ് ഇടനാഴി വീണ്ടും അടച്ചു. ആക്രമണം തുടർന്നാൽ, ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവ് ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തുമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.

ലബനാൻ ധാരണയിൽ ഇല്ലെന്ന് ഇസ്രായേലും പിന്നാലെ അമേരിക്കയും പ്രഖ്യാപിച്ചതോടെ വെടിനിർത്തലിന് അൽപായുസ്സാകുമെന്ന ആശങ്ക പരത്തിയിട്ടുണ്ട്. ഹിസ്ബുല്ലക്കെതിരെ വ്യോമാക്രമണം തുടരുമെന്ന് വ്യക്തമാക്കിയ ഇസ്രായേൽ വ്യാഴാഴ്ച ബൈറൂത്തിൽ സൈനിക ദൗത്യത്തിനുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മേഖലയിൽനിന്ന് തങ്ങളുടെ സൈനികരെ പിൻവലിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറഞ്ഞതോടെ അനിശ്ചിതത്വം ഇരട്ടിയായി. കഴിഞ്ഞദിവസം, ഇറാനും യു.എസും രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഉപാധികളോടെ സന്നദ്ധമായതോടെയാണ് പശ്ചിമേഷ്യയിൽ 39 ദിവസമായി തുടർന്ന സംഘർഷത്തിന് താൽക്കാലിക അറുതിയായത്.

ആഗോള എണ്ണ കപ്പൽ ഗതാഗതത്തിൽ സുപ്രധാനമായ ഹുർമുസ് തുറക്കണമെന്നതായിരുന്നു വെടിനിർത്തലിനുള്ള പ്രധാന വ്യവസ്ഥ; ഇതംഗീകരിക്കാൻ ഇറാൻ പത്തിന ഉപാധികളും വെച്ചു. ലബനാൻ ഉൾപ്പെടെയുള്ള തങ്ങളുടെ സഖ്യരാഷ്ട്രങ്ങൾക്കെതിരായ ആക്രമണവും അവസാനിപ്പിക്കണമെന്നായിരുന്നു അതിലൊന്ന്. ഇതംഗീകരിച്ചശേഷമാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ വാർത്ത ലോകത്തെ അറിയിച്ചത്.

Tags:    
News Summary - Israel strikes Lebanon, Iran closes Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.