ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഉറക്കത്തിനിടെ ബോംബ് വർഷം, നാല് കുട്ടികളടക്കം ഒമ്പത് മരണം

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. ഉറക്കത്തിലായിരുന്ന സാധാരണക്കാർക്ക് നേരെ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. ഗസ്സ സിറ്റിയിലെ വിവിധ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയാണ് രാത്രിയിൽ ബോംബാക്രമണം ഉണ്ടായത്.

ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് തീപിടിക്കുകയും സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങുന്ന കുടുംബങ്ങൾ തകർക്കപ്പെട്ട കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങുകയും ചെയ്തു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും തീപിടിത്തം മൂലം രക്ഷാപ്രവർത്തനം ദുഷ്‌കരമായി. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് പലരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ സൈന്യം 3,000-ത്തിലധികം തവണ കരാർ ലംഘിച്ചതായി സർക്കാർ മാധ്യമ വിഭാഗം അറിയിച്ചു. ഈ ആക്രമണങ്ങളിൽ ഇതുവരെ 900ഓളം ഫലസ്തീനികൾ കൊല്ലപ്പെടുകയും 2,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഒരു ഇടവേളക്ക് ശേഷം മേഖലയിൽ സമാധാനം പുലരുന്നുവെന്ന് വിശ്വസിച്ച് ഉറങ്ങാൻ കിടന്നവർ വലിയ സ്‌ഫോടന ശബ്ദങ്ങളോടെയാണ് ഉണർന്നത്. വെടിനിർത്തൽ കരാർ അതീവ ദുർബലമാണെന്നും വരും ദിവസങ്ങളിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നുമുള്ള ഭീതിയിലാണ് ഗസ്സ നിവാസികൾ. ആക്രമണത്തിന് ശേഷം സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് ഗസ്സയിലെ യു.എൻ സ്കൂളിന് നേരെയും ഇസ്രായേലിന്‍റെ കിരാത ആക്രമണം നടന്നിരുന്നു.. ഗസ്സ മുനമ്പിൽ നൂറുകണക്കിന് കുടുംബങ്ങൾ താമസിച്ചിരുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സ്കൂൾ കെട്ടിടത്തിന് നേരെയായിരുന്നു വ്യോമാക്രമണം.

ഗസ്സയിലെ നുസൈറത്തിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന യു.എൻ സ്കൂളിന്റെ മേൽക്കൂരയിലാണ് ഇസ്രായേലിന്റെ മിസൈൽ പതിച്ചത്.

അതേസമയം, വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലെ ദയനീയ സാഹചര്യങ്ങളെക്കുറിച്ചുള്ളതാണ് യു.എൻ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് കോർഡിനേഷൻ ഓഫിസിന്റെ റിപ്പോർട്ട്. ഉപജീവനത്തിനായി ജോലി തേടി ഇസ്രായേൽ അതിർത്തി കടന്ന് കിഴക്കൻ ജറുസലേമിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഫലസ്തീൻ സ്വദേശിയെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നുവെന്ന കാര്യവും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിർത്തിയിലെ ഇസ്രായേലിന്റെ സുരക്ഷാ മതിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ ക്രൂരത അരങ്ങേറിയത്.

എന്നാൽ, മേഖലയിൽ   ഇസ്രായേലും ലബനാനും തമ്മിൽ നിലനിന്നിരുന്ന രൂക്ഷമായ സൈനികാക്രമണങ്ങൾക്ക് താൽക്കാലിക ശമനമായിട്ടുണ്ട്. ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാർ നടപ്പാക്കാൻ സമ്മതിച്ചതായി ഔദ്യോഗികമായി അറിയിച്ചു. വാഷിങ്ടണിൽ വെച്ച് നടന്ന നിർണായക ചർച്ചകൾക്കൊടുവിലാണ് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക തീരുമാനം ഉണ്ടായത്.

ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ല ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് വെടിനിർത്തൽ നടപ്പിലാക്കുന്നത്. കൂടാതെ, തെക്കൻ ലിതാനി മേഖലയിൽ നിന്ന് തങ്ങളുടെ മുഴുവൻ സായുധരെയും ഹിസ്ബുല്ല പിൻവലിക്കണമെന്നും അമേരിക്കയുമായി ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇസ്രായേല്‍ വ്യക്തമാക്കുന്നുണ്ട്.

News Summary - Israel Strikes Gaza City: 9 Killed Including 4 Children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.