വാഷിങ്ടൺ: യു.എസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ നേരിട്ട് പങ്കാളിയാകുന്നതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവുമായി താൻ നിലവിൽ മികച്ച ധാരണയിലാണെന്നും അനുയോജ്യമായ സമയത്ത് അദ്ദേഹവുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ നിർണായക വെളിപ്പെടുത്തൽ.
സമാധാന ചർച്ചകളിൽ ഖാംനഈയുടെ സാന്നിധ്യം ട്രംപ് സ്ഥിരീകരിച്ചു. "അദ്ദേഹം തീർച്ചയായും ഇതിൽ പങ്കാളിയാണ്. ഇറാനിൽ എല്ലാവർക്കും അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. കാര്യങ്ങൾ അനുകൂലമായാൽ ഞങ്ങൾ തമ്മിൽ ഉടൻ കൂടിക്കാഴ്ചയുണ്ടാകും," ട്രംപ് പറഞ്ഞു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഖാംനഈ ഇടപെടുന്നുണ്ടെന്ന യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപിന്റെ സ്ഥിരീകരണം.
ഇറാൻ ആണവായുധങ്ങൾ നിർമിക്കില്ലെന്ന വ്യവസ്ഥ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നും ചർച്ചകളിലെ ഏറ്റവും വലിയ പുരോഗതി ഇതാണെന്നും ട്രംപ് അവകാശപ്പെട്ടു. "അവർക്ക് ആണവായുധം നൽകാൻ നമുക്ക് കഴിയില്ല. അതിന് അവർ മുതിരില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ഭാവിയിൽ അവർ മനസ്സ് മാറ്റിയേക്കാം, എങ്കിലും നിലവിലെ ഉടമ്പടിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്," ട്രംപ് കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-നാണ് ഇറാന്റെ ആണവപദ്ധതികൾ തകർക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇസ്രായേലും സംയുക്തമായി യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് തിരിച്ചടിയായി ഇറാൻ ശക്തമായ ആക്രമണം നടത്തുകയും ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
ഇറാനുമായുള്ള ചർച്ചകൾ അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ശുഭകരമായ വാർത്തകൾ ഉടൻ പ്രതീക്ഷിക്കാമെന്നും യു.എസ് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ അമേരിക്ക മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. "എല്ലാം നല്ല രീതിയിൽ കലാശിക്കുമെന്നാണ് കരുതുന്നത്. കരാർ നടപ്പിലായാൽ നല്ലത്, നടന്നില്ലെങ്കിലും കുഴപ്പമില്ല; ഞങ്ങൾക്ക് മുന്നിൽ മറ്റ് വഴികളുണ്ട്," ട്രംപ് നിലപാട് വ്യക്തമാക്കി.
ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം സെപ്റ്റംബർ വരെ നീളുമോ എന്ന ചോദ്യത്തിന്, അതിന് സാധ്യതയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കപ്പെടുമെന്നും ഉപരോധം ഉടൻ പിൻവലിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.