സുമൂദ് ഫ്ലോട്ടില്ലയിലെ അവസാന കപ്പലും പിടിച്ചെടുത്ത് ഇസ്രായേൽ; ഗസ്സക്ക് സഹായവുമായി കൂടുതൽ കപ്പലുകൾ

ഗസ്സ സിറ്റി: ഉപരോധം ഭേദിച്ച് ഗസ്സക്ക് സഹായമെത്തിക്കാനായി പുറപ്പെട്ട സുമൂദ് ഫ്ലോട്ടില്ലയിലെ അവസാന കപ്പലും ഇസ്രായേൽ സൈന്യം പിടിച്ചെടുത്തു. കപ്പലിലുണ്ടായിരുന്നുവരെ കസ്റ്റഡിയിലെടുത്തു.

42 ചെറുകപ്പലുകളടങ്ങിയ ഫ്ലോട്ടില്ലയിൽ ഒന്നൊഴികെ എല്ലാം കഴിഞ്ഞ ദിവസം ഇസ്രായേൽ തടയുകയും കപ്പലിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പാർലമെന്റ് അംഗങ്ങൾ, അഭിഭാഷകർ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 470 പേരാണ് ഇസ്രായേലിന്‍റെ കസ്റ്റഡിയിലുള്ളത്. ഇതിൽ ഇറ്റലിക്കാരായ നാലുപേരെ നാടുകടത്തി. ആറ് യാത്രക്കാരുമായി പോളണ്ട് പതാക വഹിച്ച മാരിനെറ്റ് എന്ന കപ്പലാണ് വെള്ളിയാഴ്ച രാവിലെ അവസാനമായി ഇസ്രായേൽ സൈന്യം പിടിച്ചെടുത്തത്. ഗസ്സയിൽനിന്ന് 100 കിലോമീറ്റർ അകലെ വെച്ചായിരുന്നു നടപടി.

അതേസമയം, ഒമ്പതു ചെറുകപ്പലുകളടങ്ങിയ പുതിയ ഫ്ലോട്ടില്ല ഗസ്സയിലേക്ക് ഉടൻ പുറപ്പെടും. 25 രാജ്യങ്ങളിൽനിന്നായി 100ലേറെ പേരാണ് സംഘത്തിലുള്ളത്. ഗ്രീക്ക് ദ്വീപായ ക്രെറ്റെക്ക് സമീപമാണ് കപ്പൽ വ്യൂഹമുള്ളത്. ആക്ടിവിസ്റ്റ് ഗ്രെറ്റ ത്യുൻബെറി ഉൾപ്പെടെയുള്ളവരുടെ ചിത്രം ഇസ്രായേൽ പുറത്തുവിട്ടു. ത്യുൻബെറി സഞ്ചരിച്ച പ്രധാന കപ്പലായ ആൽമ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഗസ്സക്ക് 70 നോട്ടിക്കൽ മൈൽ അകലത്തിൽ കപ്പലുകളെത്തിയത്. മികെനോ എന്ന ഒരു കപ്പൽ ഗസ്സ തീരത്തിന് ഒമ്പത് നോട്ടിക്കൽ മൈൽ അടുത്തെത്തിയതും ശ്രദ്ധേയമായി.

നാല് ഇറ്റലിക്കാരെ ഇതിനകം നാടുകടത്തിയെന്നും അവശേഷിച്ചവരെ കൂടി വൈകാതെ തിരികെ നാടുകളിലേക്ക് കയറ്റിവിടുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

40 രാജ്യങ്ങളിൽനിന്നെത്തിയ ആക്ടിവിസ്റ്റുകളിൽ ഗ്രെറ്റ ത്യുൻബെറിക്ക് പുറമെ ബാഴ്സലോണ മുൻ മേയർ അഡാ കൊലാവു, യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസൻ എന്നിവരുമുണ്ട്. കപ്പലുകൾ തടഞ്ഞതിനും ഗസ്സ വംശഹത്യക്കുമെതിരെ ആഗോള രോഷം അണപൊട്ടുകയാണ്. സംഭവത്തെ തുടർന്ന് ഇസ്രായേൽ നയതന്ത്ര പ്രതിനിധികളെ കൊളംബിയ നാടുകടത്തി. ഇസ്രായേലുമായി സ്വതന്ത്ര വ്യാപാര കരാറും അവസാനിപ്പിച്ചു. ജർമനി, ഫ്രാൻസ്, യു.കെ, സ്പെയിൻ, ഗ്രീസ്, അയർലൻഡ് രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Israel seizes last flotilla boat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.