കൂട്ടക്കുരുതിക്ക് കളമൊരുങ്ങുന്നു; ഗസ്സയെ വളഞ്ഞ് മൂന്ന് ലക്ഷം ഇസ്രായേൽ സൈനികർ, ആയുധങ്ങളുമായി യു.എസ് വിമാനമെത്തി

ജറൂസലം: ഗസ്സ അതിർത്തികളിൽ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചതായി ഇസ്രായേൽ സൈന്യം. കരയുദ്ധത്തിന് ഇസ്രായേൽ മുന്നൊരുക്കം നടത്തുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് വൻതോതിലുള്ള സൈനിക വിന്യാസം. ഗസ്സയിൽ വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനികൾ മരിച്ചുവീഴുന്നതിനിടെയാണ് നേരിട്ടുള്ള കരയുദ്ധത്തിനും ഇസ്രായേൽ ഒരുങ്ങുന്നത്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. 

വിവിധ സേനാവിഭാഗങ്ങളിൽപെട്ട മൂന്ന് ലക്ഷം സൈനികരെ ഗസ്സ അതിർത്തിയിൽ വിന്യസിച്ചതായി ഇസ്രായേൽ സൈനിക വക്താവ് ജൊനാഥൻ കോർനികസ് എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. ഇസ്രായേൽ സർക്കാർ നിർദേശിച്ച ദൗത്യം പ്രാവർത്തികമാക്കാൻ സൈന്യം സജ്ജമാണ്. ഇസ്രായേലിനെ ഇനി ഭീഷണിപ്പെടുത്താനോ പൗരന്മാരെ കൊലപ്പെടുത്താനോ സാധിക്കാത്ത വിധം ഹമാസിനെ ഞങ്ങൾ തകർക്കും -സൈനിക വക്താവ് പറഞ്ഞു. 

 

അതിനിടെ, ഇസ്രായേലിന് കൂടുതൽ ആയുധങ്ങളുമായി യു.എസിൽ നിന്നുള്ള ആദ്യ വിമാനമെത്തി. ഇസ്രായേലിന് എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ ആവർത്തിച്ചതിന് പിന്നാലെയാണ് അത്യാധുനിക യുദ്ധോപകരണങ്ങളുമായി വിമാനം നെവാട്ടിം സൈനിക ബേസിൽ ഇറങ്ങിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രായേൽ സന്ദർശിക്കും. 

 

ഇസ്രായേൽ സൈന്യം തുടരുന്ന വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 പിന്നിട്ടു. 4500ഓളം പേർക്ക് പരിക്കേറ്റു. യുദ്ധം തുടങ്ങി നാലാം ദിനം രാത്രിയും ഗസ്സക്ക് മേൽ ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണത്തിൽ 21 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേലിൽ ഹമാസിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 2800ഓളം പേർക്ക് പരിക്കേറ്റു.

സമ്പൂർണ ഉപരോധത്തിനുപിന്നാലെ ജീവിതം ദുസ്സഹമായ ഗസ്സയിൽ വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

Tags:    
News Summary - Israel says 300,000 troops now deployed near Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.