തെൽഅവീവ്: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്റെയും സഹോദരൻ മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ ഇസ്രായേൽ തിരികെ നൽകിയേക്കില്ലെന്ന് റിപ്പോർട്ട്. ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ഇരുവരുടെയും മൃതദേഹങ്ങൾ വെടിനിർത്തൽ, ബന്ദിമോചന കരാറിന്റെ ഭാഗമായി തിരിച്ച് നൽകണമെന്ന ഹമാസ് ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങൾറിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രായേൽ തടവിലാക്കിയ പതിനായിരക്കണക്കിന് ഫലസ്തീനികളെയും നിരവധി പേരുടെ മൃതദേഹങ്ങളും തിരികെ നൽകണമെന്ന് ഹമാസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യഹ്‍യ സിൻവാറിൻറെയും സഹോദരൻ മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ തിരികെ നൽകില്ലെന്നാണ് ഇസ്രായേൽ നൽകുന്ന സൂചന.
ഇസ്രായേൽ ആക്രമണം കൊടുമ്പിരികൊള്ളുമ്പോഴും യുദ്ധമുഖത്ത് സജീവമായി നിലകൊണ്ട യഹ്‍യ സിൻവാർ 2024 ഒക്ടോബർ 16നാണ് കൊല്ലപ്പെട്ടത്. റഫയിൽ തകർന്ന അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു ആക്രമണം. മരിക്കുന്നതിന്റെ അവസാന നിമിഷം വരെ പോരാടാനുറച്ച അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ സേന പുറത്തുവിട്ടത് ഏറെ വൈറലായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ് അവശനായിരിക്കുമ്പോഴും കൈയിൽ കിട്ടിയ വടി ഉപയോഗിച്ച് ഐ.ഡി.എഫ് ഡ്രോൺ എറിഞ്ഞിടാൻ ശ്രമിക്കുന്നതായിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്.
സൈനിക വേഷം ധരിച്ച്, ഊന്നുവടി ഉപയോഗിച്ച് യുദ്ധഭൂമിയിലൂടെ നടക്കുന്ന ദൃശ്യം പിന്നീട് അൽജസീറ പുറത്തുവിട്ടിരുന്നു. മറ്റൊരു ദൃശ്യത്തിൽ യഹിയ സിൻവാർ പോളോ ടീ ഷർട്ട് ധരിച്ച് അപ്പാർട്ട്മെന്ററിൽ കഴിയുന്നതാണ് ഉള്ളത്. ഈ ദൃശ്യത്തിൽ യഹിയ സിൻവാറിനൊപ്പം മാപ്പുമായി മറ്റൊരാളേയും കാണാം. റഫയിലെ തെൽ അൽ സുൽത്താൻ ബറ്റാലിയന്റെ കമാൻഡർ മഹ്മൂദ് ഹംദാനും സിൻവാറിനൊപ്പം ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഇസ്രായേലി ടാങ്കറിനെയും സൈനികരെയും നോക്കിനിൽക്കുന്ന സിൻവാർ, ‘രക്തമണിഞ്ഞ കരങ്ങളോരൊന്നും സ്വാതന്ത്ര്യത്തിന്റെ ചുവന്ന കവാടങ്ങള്‍ തുറക്കും’ എന്ന് കാമറയിൽ നോക്കി പറയുന്നുണ്ടായിരുന്നു. കഴിഞ്ഞ വെടിനിർത്തൽ കാലയളവിൽ ഇദ്ദേഹം കൊല്ലപ്പെട്ട അപ്പാർട്ട്മെന്റ് സന്ദർശിക്കാൻ നിരവധി പേരാണ് എത്തിയത്.
സിൻവാറും കുടുംബവും ഒളിവിൽ ആഡംബര ജീവിതം നയിക്കുകയാണെന്നായിരുന്നു അദ്ദേഹം കൊല്ലപ്പെടുന്നത് വരെ ഇസ്രായേലും പാശ്ചാത്യമാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, യുദ്ധമുഖത്ത് അദ്ദേഹം കൊല്ലപ്പെടുകയും അതിന്റെ മൂന്ന് ദിവസം മുമ്പ് വരെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരികയും ചെയ്തതോടെ സയണിസ്റ്റ് നുണകൾ ഒന്നൊന്നായി പൊളിഞ്ഞു. ഗസ്സക്കാർ കടുത്ത പട്ടിണിയിലാണെങ്കിലും ഹമാസ് നേതാവ് സിൻവാർ ഭൂഗർഭ അറിയിൽ സുഖ ജീവിതം നയിക്കുകയാണെന്ന് ഇസ്രായേൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ നാഷണൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ചെൻ കുഗേലാണ് സിൻവാർ മരിക്കുന്നതിന് 72 മണിക്കൂർ മുമ്പ് വരെ ഒന്നും കഴിച്ചിരുന്നില്ലെന്ന വിവരം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.