പശ്ചിമേഷ്യൻ യുദ്ധത്തിനിടെ 240 ഇന്ത്യക്കാരെ ഇസ്രായേൽ അധിനിവേശത്തിനെത്തിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം മൂലം ഇസ്രായേലിലേക്ക് ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്ന കേന്ദ്ര സർക്കാറിന്റെ നിർദേശം നിലനിൽക്കെ അധിനിവേശ ഭൂമിയിലെ കുടിയേറ്റത്തിനായി മിസോറമിൽനിന്നുള്ള ‘ബ്നെയ് മെനാഷെ’ ഗോത്രവർഗക്കാരായ 240 ഇന്ത്യക്കാരെ ഇസ്രായേൽ തെൽ അവീവിലെത്തിച്ചു.പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ‘ഓപറേഷൻ വിങ്സ് ഓഫ് ഡോണി’ന്റെ ഭാഗമായാണ് 240ഓളം പേരെ ഇസ്രായേൽ പ്രത്യേക വിമാനത്തിലെത്തിച്ചത്. ഇസ്രായേലിന്റെ നഷ്ടപ്പെട്ട പത്ത് ഗോത്രങ്ങളിലൊരു ഗോത്രമെന്ന നിലക്കാണ് ജൂതമതത്തിലേക്ക് മതപരിവർത്തനം ചെയ്ത ഇവരെ ഇസ്രായേലിലെത്തിച്ചത്.

ഹിസ്ബുല്ലയുടെ ആക്രമണത്തിനിരയാകുന്ന ഇസ്രായേലിന്റെ വടക്കൻ ഭാഗത്തായിരിക്കും ഇവരെ സ്ഥിരമായി താമസിപ്പിക്കുക. അലിയ ആൻഡ് ഇന്റഗ്രേഷൻ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഏപ്രിൽ 23ന് ബെൻ ഗുറിയോൺ വിമാനത്താവളത്തിലെത്തിയ മിസോറമുകാർ ഹൈഫക്കടുത്തുള്ള കിരിയത്ത് യാമിലാണ് താമസിക്കുന്നതെന്ന് ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്ത ‘ബ്നെയ് മെനാഷെ’ ഗോത്ര സമുദായാംഗങ്ങളെ നേരത്തെയും അധിനിവേശ ഭൂമിയിലേക്ക് ഇസ്രായേൽ കൊണ്ടുപോയിട്ടുണ്ടെങ്കിലും ഇത്രയും കൂടുതൽ പേരെ ഒരുമിച്ച് കൊണ്ടുപോകുന്നത് ആദ്യമാണ്. മിസോറമിലെ ഇന്ത്യ- മ്യാന്മർ അതിർത്തിയിലും മണിപ്പൂരിലെ ചുരാചന്ദ്പൂരിലുമുള്ള ഈ ഗോത്രവർഗക്കാരിൽനിന്ന് ഇസ്രായേൽ കൊണ്ടുപോകുന്ന മൂന്ന് ബാച്ചുകളിൽ ആദ്യത്തേതിനെയാണ് 23ന് ന്യൂഡൽഹിയിൽനിന്ന് തെൽഅവീവിലെത്തിച്ചതെന്നും ഇവരെ നോഫ്ഹാഗലിൽ അബ്സോർബ്ഷൻ സെന്ററിലേക്ക് മാറ്റുമെന്നും ‘ജ്യൂയിഷ് ഏജൻസി ഫോർ ഇസ്രായേൽ (ജാഫി) മാധ്യമങ്ങളോടു പറഞ്ഞു.

ക്രിസ്ത്യാനികളായി ജീവിച്ചുവരുകയായിരുന്ന ഇവരിൽനിന്ന് തങ്ങളുടെ ഇസ്രായേൽ പാരമ്പര്യം ഉൾക്കൊണ്ട് ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്തവരെയാണ് അധിനിവേശ ഭൂമിയിലെ സ്ഥിരവാസത്തിനായി ഇസ്രായേൽ കൊണ്ടുപോകുന്നത്. ഹീബ്രു ഭാഷയിൽ പ്രാർഥന ചൊല്ലാനും യഹൂദ മതം അനുഷ്ഠിക്കാനുമുള്ള അപേക്ഷകരുടെ കഴിവ് പരിശോധിച്ച ശേഷമാണ് കൊണ്ടുപോകുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കുന്നത്.

മതപരമായ പ്രവർത്തനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ

ഇസ്രായേലിലെ സുരക്ഷ ഭീഷണിയെക്കുറിച്ച് ഇന്ത്യൻ പൗരന്മാർക്കുള്ള മുന്നറിയിപ്പ് നിലവിലുണ്ടെങ്കിലും മതപരമായ പ്രവർത്തനം എന്ന നിലക്കാണ് ഇസ്രായേൽ ഏജൻസികൾക്ക് ഇവരെ കൊണ്ടുപോകാനായതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഇന്ത്യൻ പൗരന്മാരെ വിദേശത്തേക്ക് കൊണ്ടുപോകുന്നത് മനുഷ്യക്കടത്തല്ലെന്ന് ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്തമെന്നും മറ്റൊരു രാജ്യത്തേക്ക് നിയമപരമായ കുടിയേറ്റം നടത്തുന്നതിൽനിന്ന് ആരെയും തടയാൻ കഴിയില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇങ്ങനെ ഏതാനും ബാച്ചുകളെ കൊണ്ടുപോയിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

Tags:    
News Summary - Israel occupied 240 Indians during the Middle East war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.