ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി

ചർച്ചയാവാം: 'ഇന്ത്യയുമായുള്ള ഭിന്നതകൾ പരിഹരിക്കാൻ തയാർ'; മോദിയുമായി ചർച്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയുമായുള്ള തർക്കവിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനും ഇരുരാജ്യങ്ങളിലെയും ഉന്നത നേതാക്കൾ തമ്മിലുണ്ടാക്കിയ ധാരണകൾ നടപ്പിലാക്കാനും ചൈന പൂർണ്ണ സജ്ജമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വർദ്ധിപ്പിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ചൈന ആഗ്രഹിക്കുന്നതായി വാങ് യി പറഞ്ഞു. ഇരുപക്ഷത്തിനും ഗുണകരമായ സഹകരണം ശക്തമാക്കാനും ഇന്ത്യ-ചൈന ബന്ധത്തിന്റെ നല്ല അന്തരീക്ഷം നിലനിർത്തിക്കൊണ്ട് ഇരുരാജ്യങ്ങളുടെയും ആധുനികവൽക്കരണ പ്രക്രിയ വേഗത്തിലാക്കാനും ചൈന തയാറാണെന്നും . ഈ വർഷത്തെ ബ്രിക്സ് അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയ്ക്ക് ചൈനയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഏറ്റവും വലിയ വികസ്വര രാജ്യങ്ങളായ ഇന്ത്യയും ചൈനയും മാതൃകാപരമായ പങ്കുവഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

2020-ലെ ഗൽവാൻ താഴ്‌വരയിലെ സംഘർഷങ്ങൾക്ക് ശേഷം വഷളായ ഉഭയകക്ഷി ബന്ധം വീണ്ടെടുക്കാൻ കഴിഞ്ഞ ഒരു വർഷമായി ഇരുരാജ്യങ്ങളും സജീവമായ ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിനിടയിലാണ് നിർണായക കൂടിക്കാഴ്ച. ആഗോളതലത്തിൽ ഭീകരവാദവും മറ്റ് സുരക്ഷാ വെല്ലുവിളികളും നേരിടാൻ ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ മാധ്യമങ്ങളോട് പറഞ്ഞു. 2027-ൽ ചൈനയാണ് ബ്രിക്സ് അധ്യക്ഷ പദവി ഏറ്റെടുക്കുക.ലോകജനസംഖ്യയുടെ 49.5 ശതമാനവും ആഗോള ജി.ഡി.പിയുടെ 40 ശതമാനവും കൈയാളുന്ന, 11 രാജ്യങ്ങൾ ഉൾപ്പെടുന്ന ശക്തമായൊരു കൂട്ടായ്മയായി ബ്രിക്സ് മാറിയിട്ടുണ്ടെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി.

Tags:    
News Summary - Ready for talks; willing to resolve differences with India': Chinese Foreign Minister holds discussions with Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.