ബെയ്ജിങ്/ മോസ്കോ: ഇറാനിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും. ഇസ്രായേൽ ഉടൻ വെടിനിർത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. സാധാരണ ജനങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണം -നേതാക്കൾ പറഞ്ഞു. ഷി ജിൻപിങ് പുടിനുമായി ടെലിഫോൺ ചർച്ച നടത്തി.
അന്താരാഷ്ട്ര തർക്കങ്ങൾ തീർക്കാൻ ബലപ്രയോഗമല്ല വഴിയെന്ന് ഷി ജിൻപിങ് പറഞ്ഞു. ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ആദ്യമായാണ് ചൈന പ്രതികരിക്കുന്നത്. ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ചൈനയുടെയും റഷ്യയുടെയും ശക്തമായ നിലപാടെന്നത് ശ്രദ്ധേയമാണ്. പുടിൻ-ഷി ഫോൺ ചർച്ച മണിക്കൂർ നീണ്ടു.
യു.എൻ ചാർട്ടറും മറ്റ് അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുള്ള ഇസ്രായേൽ ആക്രമണത്തെ ഇരുവരും അപലപിച്ചതായി ക്രെംലിൻ വിദേശ നയകാര്യ വൃത്തങ്ങൾ മോസ്കോയിൽ പറഞ്ഞു. സമാധാനം ഉറപ്പിക്കാനായി നേതൃത്വപരമായ പങ്കുവഹിക്കാൻ ചൈന തയാറാണെന്ന് ഷി അറിയിച്ചു.
ഇറാനിലെ ആണവ കേന്ദ്രങ്ങളിലുള്ള ഇസ്രായേൽ ആക്രമണം വളരെ അപകടംപിടിച്ചതാണെന്ന് പുടിൻ പറഞ്ഞു. സംഘർഷം തുടരുന്നത് ആർക്കും നല്ലതല്ല. ആണവപ്രശ്നം ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. സമാധാനം ഉറപ്പാക്കാൻ ചൈനയുമായി ചേർന്നു പ്രവർത്തിക്കാൻ സന്നദ്ധമാണെന്നും പുടിൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.