ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന തമ്പുകൾ

ഇസ്രായേൽ ആക്രമണത്തിൽ 132 പേർ കൂടി കൊല്ലപ്പെട്ടു; വെടിനിർത്തലിന് ഉപാധികളുമായി ഇസ്രായേൽ

ഗസ്സ: ഗസ്സയിൽ ഇസ്രായേലിന്റെ നരനായാട്ട് തുടരുന്നു. ജനവാസ മേഖലകളിലും അഭയാർഥിക്യാമ്പുകളിലും സുരക്ഷിത സോണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ച സ്ഥലങ്ങളിലുമുൾപ്പെടെ നടത്തിയ വ്യോമാക്രമണങ്ങളിൽ 132 പേർ കൊല്ലപ്പെട്ടു. അൽ മവാസിയിൽ സുരക്ഷിത സോണായി പ്രഖ്യാപിച്ചയിടത്ത് നടന്ന ആക്രമണത്തിൽ 36 പേരാണ് മരിച്ചത്.

ഖാൻ യൂനുസിലും പരിസര പ്രദേശങ്ങളിലും നടന്ന വ്യോമാക്രമണങ്ങളിൽ 48ൽ അധികം പേർ കൊല്ലപ്പെട്ടു. കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ച വീടുകൾക്കും ടെന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. 18 കുട്ടികളും 13 സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് ഇവിടെ മരിച്ചുവീണത്. വടക്കൻ ഗസ്സയിൽ ജബലിയ അഭയാർഥിക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഒമ്പതു പേർ കൊല്ലപ്പെട്ടു. മറ്റൊരാക്രമണത്തിൽ ഏഴു കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 10 പേർ മരിച്ചു. ഒരാഴ്ചക്കിടെ 464 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഗസ്സ പിടിച്ചെടുക്കാനും ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദത്തിലാക്കാനും ‘ഗിൽദിയോനണിന്റെ രഥം’ എന്നപേരിട്ടാണ് പുതിയ ആക്രമണ പരമ്പരക്ക് ഇസ്രായേൽ തുടക്കമിട്ടത്.

അതിനിടെ, വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ തുടരുകയാണ്. ഉപാധികളോടെ വെടിനിർത്തലിന് തയാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് സൂചന നൽകിയിട്ടുണ്ട്. ഹമാസിന്റെ നാടുകടത്തലും ഗസ്സയുടെ നിരായുധീകരണവും കരാറിന്റെ ഭാഗമാകണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം. ഇസ്രായേൽ സൈന്യം പൂർണമായും ഗസ്സയിൽനിന്ന് പിൻവാങ്ങണമെന്നാണ് ഹമാസിന്റെ ആവശ്യം.

ഇന്ധനം, രക്ഷ ഉപകരണങ്ങൾ, വാഹനങ്ങളുടെ സ്പെയർപാർട്സുകൾ എന്നിവയുടെ അഭാവം മൂലം ഗസ്സയിൽ രക്ഷാപ്രവർത്തനംപോലും അസാധ്യമായനിലയിലാണ്. ഇന്ധനത്തിന്റെ അഭാവം മൂലം 75 ശതമാനം സിവിൽ ഡിഫൻസ് വാഹനങ്ങളും ഉപയോഗയോഗ്യമല്ലാതായി. വടക്കൻ ഗസ്സയിലെ ആശുപത്രികളുടെ പ്രവർത്തനവും നിലച്ചു. മാർച്ച് മുതൽ ഇസ്രായേൽ മാനുഷിക സഹായങ്ങൾ തടഞ്ഞിരിക്കുകയാണ്.


Tags:    
News Summary - Israel launches ‘extensive’ ground operation as 132 killed in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.