ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗസ്സയിൽനിന്ന് ഇസ്രായേൽ ലക്ഷ്യമാക്കി റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് ആരോപിച്ചാണ് വ്യോമാക്രമണം നടത്തിയത്. ബുധനാഴ്ച അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്ലുസിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഗസ്സയിൽനിന്നുള്ള റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ഇസ്രായേൽ നഗരങ്ങളായ സിദ്റോത്, അഷ്കലോൺ എന്നിവ ലക്ഷ്യമാക്കിയാണ് റോക്കറ്റ് വിക്ഷേപിച്ചതെന്ന് അധികൃതർ പറഞ്ഞു. നബ്ലുസിലെ ഇസ്രായേൽ അക്രമം വലിയ കുറ്റമാണെന്നും തിരിച്ചടിയുണ്ടാകുമെന്നും ഗസ്സ അടിസ്ഥാനമാക്കിയുള്ള ഫലസ്തീനി സംഘടന ഇസ്ലാമിക് ജിഹാദ് പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ ദിനേനയെന്നോണം നടത്തുന്ന റെയ്ഡും ഇതിനോടുള്ള ചെറുത്തുനിൽപുമാണ് സംഘർഷത്തിനിടയാക്കുന്നത്. ഇസ്രായേൽ അതിക്രമം എല്ലാ അതിരുകളും ലംഘിക്കുന്നതായും ക്ഷമ നശിക്കുന്നതായും ഗസ്സ ഭരിക്കുന്ന ഫലസ്തീനി ചെറുത്തുനിൽപ് പ്രസ്ഥാനമായ ഹമാസ് ബുധനാഴ്ച പറഞ്ഞിരുന്നു. ജനുവരി തുടക്കം മുതൽ മാത്രം 13 കുട്ടികൾ ഉൾപ്പെടെ 61 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ബെൻ ഗാവിർ നയിക്കുന്ന തീവ്രവലതുപക്ഷ പാർട്ടിയുമായി ചേർന്ന് ബിന്യമിൻ നെതന്യാഹു അധികാരത്തിലെത്തിയ ശേഷം ഫലസ്തീനികൾക്കെതിരായ അതിക്രമം വർധിച്ചിട്ടുണ്ട്. ജുഡീഷ്യറിയെ ദുർബലപ്പെടുത്തുന്ന നിയമനിർമാണത്തിനെതിരെ ഇസ്രായേലിൽ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ശ്രദ്ധ തിരിച്ചുവിടാനാണ് ഫലസ്തീനികളുടെ മേൽ അക്രമം അഴിച്ചുവിടുന്നതെന്ന ആരോപണവും ഫലസ്തീനി സംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതിനിടെ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ടോർ വെന്നെസ്ലൻഡ് നയതന്ത്രചർച്ചകൾക്കായി ഗസ്സയിലെത്തി. വെസ്റ്റ് ബാങ്കിൽ സിവിലിയന്മാർ കൊല്ലപ്പെടുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
‘ബന്ധപ്പെട്ട എല്ലാ കക്ഷികളോടും സംസാരിച്ച് പ്രശ്നം തീർക്കാൻ ശ്രമിക്കും. കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങരുതെന്ന് അഭ്യർഥിക്കുകയാണ്’. -ടോർ വെന്നെസ്ലൻഡ് പറഞ്ഞു. വെസ്റ്റ് ബാങ്കിലെ അക്രമങ്ങളെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസും അപലപിച്ചു. ഫലസ്തീനികളെ വധിക്കുന്നത് യു.എസിന്റെ മധ്യസ്ഥ ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം ഇസ്രായേലിനെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.