ഗസ്സ സിറ്റി: അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി ഗസ്സയിൽ ഇസ്രായേലിൽ തുടരുന്ന വംശഹത്യയിൽ 24 മണിക്കൂറിനിടെ 58 പേർ കൊല്ലപ്പെട്ടു. 213 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രായേൽ പുനരാരംഭിച്ച കനത്ത ആക്രമണത്തിൽ ഒരു മാസത്തിനിടെ മാത്രം 1499 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ദേർ അൽ ബലാഹിൽ വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. രണ്ടു വയസ്സുകാരടക്കം അഞ്ചു കുട്ടികളും ഉൾപ്പെടുമെന്ന് അൽ അഖ്സ ആശുപത്രി അറിയിച്ചു. ദേർ അൽ ബലാഹിൽതന്നെ മറ്റൊരു വീടും ബോംബിട്ട് തകർത്തു. നാലുപേർ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയയിലെ വീട് ആക്രമിച്ച് കുടുംബത്തിലെ ഏഴ് പേരെയാണ് കൊലപ്പെടുത്തിയത്. ഗസ്സ സിറ്റിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ പൊതുസ്ഥലത്ത് കൂടിനിന്ന ആൾക്കൂട്ടത്തിലും സേന ബോംബിട്ടു. നാലുപേർ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച വെസ്റ്റ് ബാങ്കിൽ മുപ്പതുകാരിയായ അമാന യാഖൂബിനെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു. ജൂത കുടിയേറ്റ മേഖലക്ക് അടുത്തുള്ള ട്രാഫിക് ജങ്ഷനിലാണ് സംഭവം. തങ്ങൾക്ക് നേരെ കല്ലെറിഞ്ഞതിനാലാണ് വെടിവെച്ചതെന്ന് സൈന്യം ന്യായീകരിച്ചു. അതിനിടെ, ഖാൻ യൂനിസിലെ നാസർ ആശുപത്രി വളപ്പിലെ ടെന്റുകളിൽ ബോംബിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. ഫോട്ടോ ജേണലിസ്റ്റ് അഹമ്മദ് മൻസൂറാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.