ഇറാനും ഇസ്രായേലിനുമിടയിൽ ദീർഘനാളായി ഉരുണ്ടുകൂടിയ യുദ്ധമേഘം തീമഴയായി പെയ്തുതുടങ്ങിയപ്പോൾ ഇരുപക്ഷത്തും കനത്ത നാശം. സൈനിക കേന്ദ്രങ്ങൾക്ക് പുറമെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളുടെ കുന്തമുന. ഇറാനിലെ ബൂശഹ്റിലെ പാർസ് ഗ്യാസ് റിഫൈനറിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഹൈഫയിലെ റിഫൈനറിയും ഊർജ അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചാണ് ഇറാൻ മറുപടി നൽകിയത്.
മിസൈൽ ആക്രമണത്തിൽ ഇസ്രായേലിലെ ബഹുനില കെട്ടിടങ്ങൾ തകർന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. സൈനിക കേന്ദ്രങ്ങളും റെസിഡൻഷ്യൽ കെട്ടിടങ്ങളും ഷോപ്പിങ് മാളുകളും ഇവയിൽ ഉൾപ്പെടും. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ കെട്ടിടത്തിന് മേലും മിസൈൽ പതിച്ചു. മുന്നറിയിപ്പ് സൈറണും ബങ്കറുകളും ഉള്ളതുകൊണ്ടാണ് കാര്യമായി ജീവഹാനി സംഭവിക്കാത്തത്. എന്നിട്ടും 13 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 200ലേറെ പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 35ലേറെ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ മരണസംഖ്യ കൂടാനിടയുണ്ട്. ഇറാനിൽ 78 മരണവും 320 പേർക്ക് പരിക്കുമാണ് റിപ്പോർട്ട് ചെയ്തത്.
സൈനിക കേന്ദ്രങ്ങൾക്കും പ്രതിരോധ സംവിധാനങ്ങൾക്കും അരികെനിന്ന് മാറിനിൽക്കണമെന്ന് ഇറാൻ പൗരന്മാർക്ക് നിർദേശം നൽകി. പള്ളികളും വിദ്യാലയങ്ങളും അഭയകേന്ദ്രങ്ങളാക്കാൻ സർക്കാർ നിർദേശം നൽകി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്ന ആദ്യ ദിവസത്തെ അവസ്ഥയിൽനിന്ന് ഇറാൻ കരകയറിയിട്ടുണ്ട്. മിസൈൽ ആക്രമണങ്ങളെ പൂർണമായി പ്രതിരോധിക്കാൻ രണ്ടുകൂട്ടർക്കും കഴിയുന്നില്ല.
ഇറാനിലെ ആണവ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം പരിധിവിട്ടാൽ സങ്കൽപിക്കാനാവാത്ത ദുരന്തമാണ് ഉണ്ടാവുക. സാധാരണ വ്യോമാക്രമണങ്ങൾ ബാധിക്കാത്ത രീതിയിൽ ഭൂമിക്കടിയിൽ ഒരു കിലോമീറ്ററിലധികം ആഴത്തിലാണ് ആണവ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. യു.എസിന്റെ സഹായത്തോടെ ബങ്കർ ബസ്റ്റർ മിസൈലുകൾ ഉപയോഗിച്ച് ഇവയെ ആക്രമിക്കാനുള്ള സാധ്യത തള്ളാനാവില്ല. ഇസ്രായേലിന്റെ ആണവകേന്ദ്രങ്ങളെ ഇറാൻ ആക്രമിക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.