ബൈറൂത്: വെടിനിർത്തൽ ചർച്ചകൾക്കും ഇറാന്റെ കർശന മുന്നറിയിപ്പുകൾക്കുമിടയിലും തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു. തന്ത്രപ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ ജനവാസ മേഖലകളും ഹിസ്ബുല്ല കേന്ദ്രങ്ങളും ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
നബാത്തിയ നഗരത്തിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. ഇതിന് പുറമെ കഫർസിർ ടൗണിലും ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി. സൂറിലെ അൽ-അബ്ബാസിയ, അൽ-റമാദിയ എന്നീ പ്രദേശങ്ങളും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്തു. ജനവാസ മേഖലകൾക്ക് നേരെയാണ് ബോംബാക്രമണം ഉണ്ടായതെന്നും പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, വ്യോമാക്രമണത്തിന് പിന്നാലെ തെക്കൻ അതിർത്തിയിലൂടെ കരമാർഗ്ഗം മുന്നേറാൻ ശ്രമിച്ച ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുല്ല ശക്തമായി തിരിച്ചടിച്ചു. ഇസ്രായേലിന്റെ സൈനിക താവളങ്ങൾക്കും ടാങ്കറുകൾക്കും നേരെ ഹിസ്ബുല്ല വൻതോതിൽ റോക്കറ്റാക്രമണം നടത്തി. ലബനാൻ മണ്ണിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന ഇസ്രായേൽ സൈനികരെ സർവ്വശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് ഹിസ്ബുല്ല വക്താക്കൾ അറിയിച്ചു.
നേരത്തെ ലബനാന് നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേലിന് നേരെ ഇറാൻ വൻതോതിൽ മിസൈലുകൾ വർഷിച്ചിരുന്നു. തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തങ്ങൾ താല്ക്കാലികമായി ആക്രമണം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ ഇറാൻ, ലബനാനെ വീണ്ടും ആക്രമിച്ചാൽ ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഈ മുന്നറിയിപ്പ് പാടെ തള്ളിയാണ് ഇസ്രായേൽ ലബനാനിൽ വീണ്ടും ചോരപ്പുഴ ഒഴുക്കിയിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധമുണ്ടാകുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.