അന്റോണിയോ ഗുട്ടെറസ്
ജറൂസലം: ഇസ്രായേൽ ആക്രമണവും ഉപരോധവും ഗസ്സയിലെ ജനങ്ങളെ കൊടും പട്ടിണിയിലാക്കിയതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ആക്രമണത്തിന്റെ ഏറ്റവും ക്രൂരമായ ഘട്ടത്തെയാണ് ഗസ്സയിലെ ഫലസ്തീനികൾ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 80 ദിവസത്തോളമായി അന്താരാഷ്ട്ര സഹായങ്ങളുടെ വിതരണം ഇസ്രായേൽ തടയുകയാണ്. വലിയ തോതിൽ സഹായം ആവശ്യമുള്ളപ്പോൾ ഒരു ടീസ്പൂൺ ഭക്ഷണമാണ് ഇസ്രായേൽ ഗസ്സക്ക് അനുവദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രായേൽ ആക്രമണം അതിക്രൂരമായ നാശവും മരണവുമാണ് വിതക്കുന്നത്. സന്നദ്ധ സംഘടനകൾക്ക് ഗസ്സ അപകടകരമായ മേഖലയായി തുടരുകയാണ്. ഗസ്സയുടെ 85 ശതമാനം ഭൂപ്രദേശവും ഇസ്രായേൽ സൈനിക മേഖലയായി പ്രഖ്യാപിച്ച് ഫലസ്തീനികളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടിയന്തരമായി ഭക്ഷ്യ സഹായം എത്തിച്ചില്ലെങ്കിൽ കൂടുതൽ പേർ മരിക്കും.
പട്ടിണി പ്രദേശത്തെ ജനങ്ങളിലുണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും ഗുട്ടെറസ് ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിനിടെ, ഭക്ഷ്യവസ്തുക്കളുമായി എത്തിയ ട്രക്കിനടുത്ത് കൂടിനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ മുനമ്പിൽ ശനിയാഴ്ച പുലർച്ചെ മുതൽ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 44 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.