യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ പ്രമേയം പാസാക്കി

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നരനായാട്ടിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ അവതരിപ്പിച്ച പ്രമേയം പാസായി. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് നിർത്തി ഉടനടി മാനുഷികമായ താൽപര്യങ്ങൾ മുൻനിർത്തി സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു .

193 അംഗങ്ങളുള്ള ഐക്യരാഷ്ട്രസഭയിൽ 22 അറബ് രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 14 എതിർത്ത് വോട്ട് ചെയ്തു. 45 അംഗരാജ്യങ്ങൾ ​വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഇസ്രായേലും യു.എസും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

ഫലസ്തീൻ പൗരൻമാർക്ക് എത്രയും പെട്ടെന്ന് സുരക്ഷയൊരുക്കണമെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. ഗസ്സക്ക് മാനുഷിക സഹായം നൽകണമെന്നും മനുഷ്യാവകാശ പ്രവർത്തകർക്ക് പ്രദേശത്തേക്ക് എത്താനുള്ള സൗകര്യമൊരുക്കണമെന്നും ​പ്രമേയം ആവശ്യപ്പെടുന്നു. വടക്കൻ ഗസ്സയിൽ നിന്നും തെക്ക് ഭാഗത്ത് ആളു​കളോട് മാറാൻ ആവശ്യപ്പെട്ടുള്ള ഇസ്രായേലിന്റെ നിർദേശം പിൻവലിക്കണം. നിർബന്ധപൂർവം ഫലസ്തീനികളെ വടക്കൻ ഗസ്സയിൽ നിന്നും മാറ്റരുതെന്നും പ്രമേയം പറയുന്നു.

യു.എസിന്റെയും കാനഡയുടേയും സമ്മർദത്തിന് വഴങ്ങി ഹമാസിനെ അപലപിച്ചും ബന്ദികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയം 55നെതിരെ 88 വോട്ടുകൾക്ക് പാസായെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ തള്ളിപ്പോയി.

തുടർച്ചയായ രണ്ടാം ദിവസവും ഇസ്രായേൽ ഗസ്സയിൽ പരിമിത കരയാക്രമണം നടത്തിയിരുന്നു. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയുടെ അകമ്പടിയിലായിരുന്നു ഗസ്സയിലെ ശുജാഇയ്യയിൽ ആക്രമണം നടത്തിയത്. മണിക്കൂറുകൾ കഴിഞ്ഞ് ഇസ്രായേൽ കവചിത വാഹനങ്ങൾ പിൻവാങ്ങി. കഴിഞ്ഞ ദിവസം വടക്കൻ ഗസ്സയിലായിരുന്നു സമാനമായി ഇസ്രായേൽ കരയാക്രമണം നടത്തിയത്. മൂന്നാഴ്ചയായി തുടരുന്ന വ്യോമാക്രമണങ്ങളിൽ 7,326 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

പുതിയ ആക്രമണം വെടിനിർത്തൽ ചർച്ചയെ ദോഷകരമായി ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്. ബന്ദികളെ വിട്ടയക്കാൻ പണം നൽകാൻ തയാറാണെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. എന്നാൽ, വെടിനിർത്താതെ ബന്ദികളെ വിട്ടയക്കില്ലെന്നാണ് ഹമാസ് നിലപാട്. ബന്ദിമോചനത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ ഇസ്രായേൽ സർക്കാറിനുമേൽ ജനസമ്മർദം കൂടുതൽ ശക്തമാകുന്നത് വെടിനിർത്തൽ ചർച്ച സജീവമാക്കുന്നുണ്ട്.

അതേസമയം, സിറിയയിൽ അമേരിക്ക നടത്തിയ ആക്രമണം പശ്ചിമേഷ്യയിൽ പുതിയ ആശങ്ക ഉയർത്തുകയാണ്. ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക അയച്ച രണ്ടാം യുദ്ധക്കപ്പൽ മെഡിറ്ററേനിയനിൽ നങ്കൂരമിടാനിരിക്കെയാണ് സിറിയയുടെ കിഴക്കൻ മേഖലയിൽ രണ്ടിടത്ത് അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബിട്ടത്. ഇറാൻ അനുകൂല മിലീഷ്യയുടെ ആയുധ സംഭരണ കേന്ദ്രങ്ങളിലാണ് ആക്രമണമെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ വ്യക്തമാക്കി. ആളപായം സംബന്ധിച്ച വിവരങ്ങളില്ല. സംഭവത്തിന് ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധമില്ലെന്ന് യു.എസ് വ്യക്തമാക്കി.

Tags:    
News Summary - Israel-Gaza war: UN general assembly calls for ‘immediate, durable humanitarian truce’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.