ഇസ്രായേൽ തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കാൻ നെതന്യാഹു ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം, രാഷ്ട്രീയപ്പോര് മുറുകുന്നു

തെൽ അവീവ്: ഇസ്രായേലിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങളുടെ ഇടപെടലുണ്ടായെന്ന ആരോപണങ്ങൾക്ക് പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നു. വോട്ടെണ്ണൽ ഫലം പുറത്തുവിടുന്നത് വൈകിപ്പിക്കാനും പുതിയതായി നിലവിൽ വരുന്ന പാർലമെന്റിന്റെ (നെസെറ്റ്) നിയമസാധുത തകർക്കാനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് യാഷർ പാർട്ടി അധ്യക്ഷൻ ഗാദി ഐസൻകോട്ട് ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് നീട്ടിക്കൊണ്ടുപോകാനും വരാനിരിക്കുന്ന പാർലമെന്റിന്റെ പ്രവർത്തനങ്ങളെ അസാധുവാക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നെതന്യാഹുവും അദ്ദേഹത്തിന്റെ അനുകൂലികളും നടത്തുന്നതെന്ന് ഐസൻകോട്ടെ കുറ്റപ്പെടുത്തി. വിഷയത്തിൽ അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അറബ് പാർട്ടികൾക്ക് അനുകൂലമായി വിദേശ രാജ്യങ്ങൾ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചുവെന്ന ഗുരുതര സംശയത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജഡ്ജി നോം സോൾബെർഗ്, ഷിൻ ബെറ്റ് സുരക്ഷാ ഏജൻസി മേധാവി ഡേവിഡ് സിനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയത്.

ഈ അന്വേഷണ ആവശ്യം ഉയർത്തിക്കാട്ടി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. വിദേശ ശക്തികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന യുനൈറ്റഡ് അറബ് ലിസ്റ്റ്, ജോയിന്റ് ലിസ്റ്റ് എന്നീ അറബ് പാർട്ടികളുമായി ഒരു സിയോണിസ്റ്റ് പാർട്ടിയും സഹകരിക്കരുതെന്ന് ലിക്കുഡ് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഹമാസിന് സാമ്പത്തിക സഹായം നൽകുന്ന ഖത്തർ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ഇടപെടൽ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഐസൻകോട്ട്, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നെതന്യാഹു നുണകളും വ്യാജ പ്രചാരണങ്ങളും വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

സാധാരണ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകളും ഐസൻകോട്ടെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകളുമാണ് നേടിയിട്ടുള്ളത്. അറബ് പാർട്ടികൾ 19 സീറ്റുകൾ നേടി. 120 അംഗ പാർലമെന്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണമെന്നിരിക്കെ, ഭരണം പിടിക്കുന്നതിൽ അറബ് അംഗങ്ങളുടെ നിലപാട് നിർണായകമാകും. വരാനിരിക്കുന്ന ബുധനാഴ്ച ഔദ്യോഗിക ഫലം പ്രഖ്യാപിക്കാനിരിക്കെ നവംബർ 10-നാണ് പുതിയ പാർലമെന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.

Tags:    
News Summary - Israel Elections: Opposition Accuses Netanyahu of Delaying Results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.