ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്

‘മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കരുത്, സർക്കാർ രൂപീകരണ ശ്രമങ്ങൾ വേഗത്തിലാക്കൂ’: രാഷ്ട്രീയ പാർട്ടികളോട് ഇസ്രായേൽ പ്രസിഡന്റ്

ജറൂസലം: മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ പരമാവധി ശ്രമിക്കണമെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ ഇസ്രയേൽ നെസറ്റ് സ്തംഭനാവസ്ഥയിലായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

"മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് പോകാതിരിക്കാൻ പരമാവധി കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട്. അതിനാൽ ഇവിടെയെത്തുന്ന എല്ലാവരും തുറന്ന മനസ്സോടെ വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്," ഹെർസോഗ് തന്റെ വസതിയിൽ നടന്ന ഒത്തുചേരലിൽ വ്യക്തമാക്കി.

ആകെയുള്ള 120 അംഗ നെസറ്റിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ സഖ്യത്തിനോ പ്രതിപക്ഷത്തിനോ ലഭിച്ചിട്ടില്ല. നിലവിലെ കണക്കുകൾ പ്രകാരം നെതന്യാഹുവിന്റെ ബ്ലോക്ക് 53 സീറ്റുകളും, മുൻ മിലിട്ടറി ചീഫ് ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകളും നേടിയിട്ടുണ്ട്. അറബ് നേതൃത്വത്തിലുള്ള പാർട്ടികൾക്ക് 19 സീറ്റുകളാണുള്ളത്.

അതേസമയം, വോട്ടെണ്ണൽ പൂർണമായിട്ടില്ല. സൈനികരും മറ്റ് അർഹരായ വോട്ടർമാരും രേഖപ്പെടുത്തിയ സ്പെഷ്യൽ ബാലറ്റുകൾ ഇനിയും എണ്ണാനുണ്ട്. 65500ലധികം വരുന്ന ഇത്തരം വോട്ടുകൾ ഫലപ്രഖ്യാപനത്തിൽ നിർണായകമാവുകയും സീറ്റ് നിലകളിൽ മാറ്റം വരുത്തുകയും ചെയ്തേക്കാം. ഔദ്യോഗിക ഫലം അടുത്ത ആഴ്ച ലഭിക്കുമെന്നും, തുടർന്ന് സർക്കാർ രൂപവത്കരണത്തിനായുള്ള “കൺസൾട്ടേഷൻ പ്രക്രിയ” ആരംഭിക്കുമെന്നും ഹെർസോഗ് അറിയിച്ചു.

ഔദ്യോഗിക ഫലം പുറത്തുവന്നതിനു ശേഷം, പ്രസിഡന്റ് വിവിധ പാർട്ടി പ്രതിനിധികളുമായി ചർച്ചകൾ നടത്തും.

നാമനിർദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിക്ക് തുടക്കത്തിൽ 28 ദിവസത്തെ സമയമാണ് സർക്കാർ രൂപവത്കരിക്കാനായി ലഭിക്കുക. ആവശ്യമെങ്കിൽ 14 ദിവസത്തെ അധിക നീട്ടിക്കിട്ടലും ലഭിച്ചേക്കാം. ഈ ശ്രമം പരാജയപ്പെട്ടാൽ മറ്റൊരു നിയമനിർമാതാവിന് കൂടി അവസരം നൽകും. ആർക്കും ആവശ്യമായ പിന്തുണ നേടാൻ കഴിയാതെ വന്നാൽ ഇസ്രായേൽ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.

ജോയിന്റ് ലിസ്റ്റും മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റാമും ഉൾപ്പെടുന്ന അറബ് പാർട്ടികൾ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാറിന് ഏതെങ്കിലും തരത്തിലുള്ള പിന്തുണ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ ഔദ്യോഗികമായി സഖ്യത്തിൽ ചേരുന്ന കാര്യം ഇവർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റാമും ഐസൻകോട്ടിന്റെ ബ്ലോക്കുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിക്കില്ലെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.

രാഷ്ട്രീയ പാർട്ടികൾക്ക് ഒരു സഖ്യത്തിൽ എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ, പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെയോ അല്ലെങ്കിൽ മറ്റൊരു തിരഞ്ഞെടുപ്പ് നടക്കുന്നതുവരെയോ നെതന്യാഹു കെയർടേക്കർ പ്രധാനമന്ത്രിയായി തുടരും. കഴിഞ്ഞ കാലങ്ങളിലും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇസ്രായേൽ നിരവധി തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Avoid another election, speed up government formation efforts: Israeli President to political parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.