90 ശതമാനം വോട്ടുകൾ എണ്ണി, ആർക്കും ഭൂരിപക്ഷമില്ല; ഇസ്രായേലിൽ ഇനി എന്ത്? സാധ്യതകൾ ഇങ്ങനെ...
തെൽ അവീവ്: ലോകം ഉറ്റുനോക്കിയ ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോഴും ആർക്കും കേവല ഭൂരിപക്ഷമില്ല. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം 53 സീറ്റുകൾ നേടി. യാഷർ പാർട്ടി അധ്യക്ഷൻ ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളാണ് ഇതു വരെ നേടാനായത്. ചരിത്ര പ്രകടനം നടത്തിയ അറബ് പാർട്ടികൾക്ക് 19 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷമായ 61 എന്ന മാന്ത്രിക അക്കത്തിലേക്ക് ഇരു സഖ്യങ്ങൾക്കും എത്താനായില്ല. ഇതോടെ അറബ് പാർട്ടികൾ നിർണായക ശക്തിയാകും. എന്നാൽ, ഇരു സഖ്യങ്ങളും അറബ് പാർട്ടികളുമായി സഹകരണത്തിന് തയാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇനി പ്രധാനമായും എണ്ണാനുള്ളത് ഡബിൾ എൻവലപ്പ് വോട്ടുകളാണെന്ന് ഇസ്രയേൽ തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ തീവ്രവലതുപക്ഷ സഖ്യകക്ഷികളെയും അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ അറബ് വോട്ടർമാർ റെക്കോഡ് എണ്ണത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ 19 സീറ്റുകളുമായി സർക്കാർ രൂപവത്കരണത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ശക്തിയായി അറബ് പാർട്ടികൾ മാറി. ഈ പാർട്ടികൾക്ക് ഇതിന് മുമ്പ് ലഭിച്ച ഏറ്റവും ഉയർന്ന സീറ്റ് നേട്ടം 15 ആയിരുന്നു. അഭിപ്രായ സർവേകളിൽനിന്ന് വ്യത്യസ്തമാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം.
ഭൂരിഭാഗം സർവേകളും ഐസൻകോട്ടിന്റെ സഖ്യം നെതന്യാഹുവിന്റെ സഖ്യത്തെക്കാൾ മുന്നിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാൽ, നെതന്യാഹുവിന്റെ ലിക്കുഡ് 26 സീറ്റുകളുമായി പാർട്ടി ഏറ്റവും വലിയ കക്ഷിയായി. ഐസൻകോട്ടിന്റെ യാഷർ പാർട്ടിക്ക് 21 സീറ്റുകളാണ് നേടാനായത്. ഡബിൾ എൻവലപ്പ് വോട്ടുകൾ എണ്ണാൻ അധിക പരിശോധന ആവശ്യമായതിനാലാണ് ഫലം വൈകുന്നത്. ഏകദേശം 4.3 ലക്ഷത്തിനും 4.8 ലക്ഷത്തിനും ഇടയിലാണ് ‘ഇരട്ട കവറുകളിലുള്ള വോട്ടുകൾ’. വ്യാഴാഴ്ച വൈകീട്ടോടെ മാത്രമേ ഇവയുടെ വോട്ടെണ്ണൽ പൂർണമാകു. പ്രധാനമായും ഐ.ഡി.എഫ് സൈനികർ, തടവുകാർ, വിദേശത്തുള്ള നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള പോസ്റ്റൽ വോട്ടുകളോ പ്രത്യേക വോട്ടുകളോ രേഖപ്പെടുത്തിയവരെയാണ് ഡബിൾ എൻവലപ്പുകളെന്ന് പറയുന്നത്. ഓരോ വോട്ടറും മറ്റെവിടെയെങ്കിലും ഇതിനകം വോട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാലാണ് ഈ വോട്ടുകൾ എണ്ണുന്നതിൽ കൂടുതൽ സമയം വേണ്ടിവരുന്നത്.
ബുധനാഴ്ച വൈകീട്ടോടെ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാകൂ. നെസറ്റിലെ ഓരോ സീറ്റിനും ഏകദേശം 40,000 വോട്ടുകൾ തുല്യമായതിനാൽ, ഈ തപാൽ വോട്ടുകളുടെ അന്തിമ ഫലം പുറത്തുവരുന്നതോടെ അന്തിമ രാഷ്ട്രീയ ചിത്രം മാറാൻ സാധ്യതയുണ്ട്.
അറബ് പാർട്ടികളുമായി സഹകരിക്കുമോ?
നെതന്യാഹുവിന്റെ സഖ്യത്തിനോ ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിനോ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ സഖ്യ സമവാക്യങ്ങൾ മാറാനുള്ള സാധ്യതയുണ്ട്. ഇരുസഖ്യങ്ങളും പരസ്പരം സഹകരിക്കുകയോ അറബ് നേതൃത്വത്തിലുള്ള റഅം, ജോയിന്റ് ലിസ്റ്റ് പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുകയോ ചെയ്താൽ മാത്രമേ സർക്കാർ രൂപവത്കരണത്തിന് വഴിയൊരുങ്ങൂ. 120 സീറ്റുകളിൽ 26 സീറ്റുകളുമായി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഐസൻകോട്ടിന്റെ യാഷർ പാർട്ടി 21 സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. നഫ്താലി ബെന്നറ്റിന്റെ ബെയാഖാദ് പാർട്ടിക്കും യൂസഫ് ജബാരീന്റെ ജോയിന്റ് ലിസ്റ്റിനും 12 സീറ്റുകൾ വീതം ലഭിച്ചു. ഇടതുപക്ഷ പാർട്ടിയായ ഡെമോക്രാറ്റ്സിന് എട്ട് സീറ്റുകളുണ്ട്.
അറബ്വിരുദ്ധതയുള്ള ഐസൻകോട്ടിന്റെ യാഷർ പാർട്ടി നയിക്കുന്ന സഖ്യം അറബ് പാർട്ടികളുമായി സഹകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് കരുതപ്പെട്ടതെങ്കിലും ജോയിന്റ് ലിസ്റ്റിനെ അവർ സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആർക്കും ഭൂരിപക്ഷമില്ലെന്ന് ഉറപ്പായതോടെ, പാർട്ടികൾ സഖ്യരൂപവത്കരണവുമായി മുന്നോട്ടുനീങ്ങണമെന്നും ഇനിയൊരു തെരഞ്ഞെടുപ്പുകൂടി ഒഴിവാക്കണമെന്നും ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് അഭ്യർഥിച്ചു. സഖ്യം തകർന്ന് അടിക്കടി സർക്കാർ വീണതോടെ 2019നു ശേഷം ഇത് ആറാമത്തെ തെരഞ്ഞെടുപ്പാണ്.
ഇസ്രായേലിനു മുന്നിൽ ഇനി മൂന്നു സാധ്യതകളാണുള്ളത്. ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിന് അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിക്കുക. പ്രതിപക്ഷ സഖ്യവും അറബ് പാർട്ടികളും തമ്മിൽ ധാരണയുണ്ടായാൽ നെതന്യാഹുവിനെ ഭരണത്തിന് അന്ത്യം കുറിക്കാനാകും. മറുഭാഗത്ത് ലിക്കുഡ് പാർട്ടിയെ പിന്തുണക്കുന്ന വലതുപക്ഷ, മതാധിഷ്ഠിത പാർട്ടികളുമായി ചർച്ച നടത്തി 61 സീറ്റുകൾ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നെതന്യാഹുവും നടത്തും. നെതന്യാഹുവും ഐസൻകോട്ടും ഒന്നിച്ച് ഏക്യസർക്കാർ രൂപവത്കരിക്കുകയാണ് മറ്റൊരു സാധ്യത. എന്നാൽ അതിന് സഖ്യത്തിലെ പാർട്ടികൾക്കുള്ളിൽ എതിർപ്പുണ്ട്.
സാധാരണ നിലയിൽ പ്രസിഡന്റ് ഏറ്റവും വലിയ കക്ഷിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കും. ലിക്കുഡ് പാർട്ടിയാണ് നിലവിൽ വലിയ കക്ഷി. അവർക്ക് കേവല ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ കക്ഷിയെ വിളിക്കും. സർക്കാറുണ്ടാക്കാൻ നിയോഗിക്കപ്പെടുന്ന ആദ്യ സ്ഥാനാർഥിക്ക് 28 ദിവസമാണ് സമയം. ആവശ്യപ്പെട്ടാൽ പ്രസിഡന്റിന് 14 ദിവസം കൂടി അനുവദിക്കാം. എന്നിട്ടും സർക്കാർ രൂപവത്കരണ ശ്രമങ്ങൾ പരാജയപ്പെട്ടാൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. അതുവരെ നെതന്യാഹുവിന് കാവൽ പ്രധാനമന്ത്രിയായി തുടരേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.