കംബോഡിയയിലെ സിഹാനുക്വിൽ തുറമുഖത്ത് എം.വി ഒഡീസി നങ്കൂരമിട്ടപ്പോൾ
ഇന്ധനവില താങ്ങാനാവുന്നില്ല; ലോകം ചുറ്റാനിറങ്ങിയ ആഡംബര കപ്പൽ പാതിവഴിയിൽ യാത്ര നിർത്തി
സിഹാനുക്വിൽ (കംബോഡിയ): കടലിൽ സ്ഥിരതാമസമൊരുക്കി ലോകം ചുറ്റിക്കാണിക്കാമെന്ന വാഗ്ദാനവുമായി യാത്ര ആരംഭിച്ച അമേരിക്കൻ ആഡംബര കപ്പലിന്റെ സഞ്ചാരം ഇന്ധനച്ചെലവ് താങ്ങാനാകാതെ പാതിവഴിയിൽ നിലച്ചു. മൂന്നര വർഷം നീളുന്ന ലോകപര്യടനത്തിനിറങ്ങിയ ‘എം.വി ഒഡീസി’ എന്ന കപ്പലാണ് കംബോഡിയയിലെ സിഹാനുക്വിൽ തുറമുഖത്ത് യാത്ര അവസാനിപ്പിച്ചത്. ഇതോടെ കപ്പലിൽ താമസിച്ചിരുന്ന 203 യാത്രക്കാർ പ്രതിസന്ധിയിലായി.
കടലിലെ ഒഴുകുന്ന വീടെന്ന ആശയവുമായി 2024 ഒക്ടോബറിൽ വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽനിന്നാണ് കപ്പൽ ലോകപര്യടനം ആരംഭിച്ചത്. ഏഴ് ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിനൊപ്പം കപ്പലിൽ ദീർഘകാലം താമസിക്കാനുള്ള സൗകര്യമായിരുന്നു പദ്ധതിയുടെ പ്രധാന ആകർഷണം. യു.എസിലെ ഫ്ലോറിഡ ആസ്ഥാനമായ വില്ല വി റെസിഡൻസസ് എന്ന കമ്പനിയാണ് കപ്പലിന്റെ നടത്തിപ്പുകാർ. 650 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലിൽ നിലവിൽ 203 യാത്രക്കാരും 156 ജീവനക്കാരുമാണുള്ളത്. യാത്രക്കാരിൽ ഭൂരിഭാഗവും അമേരിക്കക്കാരാണ്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതാണ് സർവിസ് നിർത്തിവെക്കാൻ കാരണമെന്ന് കമ്പനി വിശദീകരിച്ചു. നേരത്തെ ഒരു കാബിന് പ്രതിമാസം ശരാശരി 1,800 ഡോളറായിരുന്ന ഇന്ധനച്ചെലവ് ഏഷ്യയിലെ ചില മേഖലകളിൽ 6,000 മുതൽ 8,000 ഡോളർ വരെയായി വർധിച്ചുവെന്നും കമ്പനി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.