ലണ്ടൻ: ശുദ്ധജലം പോലും കിട്ടാതെ നരകിക്കുന്ന ഗസ്സയിലെ ജനങ്ങൾക്കായി ബ്രിട്ടൻ കൊടുത്തയച്ച വാട്ടർ ഫിൽട്ടറുകൾ ഇസ്രായേൽ തടഞ്ഞുവെച്ചു. ഇവ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിർത്തിയിൽ തടഞ്ഞതെന്ന് യുകെ പാർലമെൻറംഗം റോസെന അല്ലിൻ ഖാൻ പറഞ്ഞു.
‘യു.കെ നൽകിയ വാട്ടർ ഫിൽട്ടറുകൾ ‘ഭീഷണി’യാണെന്ന് പറഞ്ഞ് ഗസ്സയിലേക്ക് കൊണ്ടുപോകുന്നത് ഇസ്രായേൽ തടഞ്ഞു. യു.കെ ഗവൺമെന്റ് വിതരണം ചെയ്യുന്ന വാട്ടർ ഫിൽട്ടർ എന്ത് ഭീഷണിയാണ് സൃഷ്ടിക്കുന്നത്? ’ -റോസെന അല്ലിൻ ഖാൻ എക്‌സിൽ എഴുതിയ കുറിപ്പിൽ ചോദിച്ചു. 1,350 വാട്ടർ ഫിൽട്ടറുകളും 2,560 സോളാർ ലൈറ്റുകളും ഒക്ടോബറിലാണ് യു.കെ സർക്കാർ ഗസ്സയിലേക്ക് അയച്ചത്.
I asked the Government what items of UK aid for Gaza have been denied entry by the Israeli Govt. Of them were 1,350 water filters, because apparently Israel says they are a 'threat'.
— Dr Rosena Allin-Khan (@DrRosena) March 5, 2024
What threat does a water filter, supplied by the UK Government, have? pic.twitter.com/OY9SyPdkuB
അതിനിടെ, പട്ടിണി രൂക്ഷമായ വടക്കൻ ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളടക്കമുള്ള സഹായവുമായി പോകുന്ന ഐക്യരാഷ്ട്രസഭയുടെ വാഹനവ്യൂഹങ്ങൾ ഇസ്രായേൽ തടയുന്നത് തുടർക്കഥയായതോടെ ഇവിടേക്ക് പ്രവേശന കേന്ദ്രങ്ങൾ തുറക്കണമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം (WFP) ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കൗ ആവശ്യപ്പെട്ടു. വടക്കൻ ഗസ്സയിലെ പട്ടിണികിടക്കുന്ന ആളുകൾക്ക് ഭക്ഷ്യസഹായം ലഭിക്കുന്നതിന് സാധ്യമായ എല്ലാ മാർഗങ്ങളും തന്റെ ഏജൻസി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘വടക്കൻ ഗസ്സയിൽ പട്ടിണി വിനാശകരമായ അവസ്ഥയിൽ എത്തിയിരിക്കുന്നു. അവിടെ കുട്ടികൾ പട്ടിണിയെ തുടന്നുള്ള രോഗങ്ങൾ മൂലം മരിക്കുകയും പോഷകാഹാരക്കുറവ് മൂലം ഗുരുതരമായ ഭവിഷ്യത്ത് നേരിടുകയും ചെയ്യുന്നു. ഇവിടേക്കുള്ള ഡബ്ല്യു.എഫ്.പിയുടെ ഭക്ഷണ സഹായ വാഹനവ്യൂഹത്തിന്റെ പ്രവേശനം ഇസ്രായേൽ സൈന്യം തടയുന്നു’ -പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.