ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിനെയുമായി നീങ്ങുന്ന ബന്ധു
ഗസ്സ സിറ്റി: പ്രത്യാശ പകർന്ന് കൂടുതൽ രാജ്യങ്ങൾ പിന്തുണയുമായി രംഗത്തുവരുമ്പോഴും ഗസ്സ തുരുത്തിൽ തുടരുന്നത് സമാനതകളില്ലാത്ത കുരുതി. ഗസ്സ സിറ്റിയിൽ മാത്രം ഞായറാഴ്ച 12 മണിക്കൂറിനിടെ 50 ഓളം പേരുടെ മരണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഗസ്സയിലുടനീളം 75 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
300ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലെ ബോംബിങ്ങിൽ നാലു കുട്ടികളടക്കം ഏഴു പേർ കൊല്ലപ്പെട്ടു.
ഗസ്സ സിറ്റി: ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരവുമായി കൂടുതൽ രാജ്യങ്ങൾ. ഫലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പോംവഴി ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യു.എൻ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായി യു.കെ, ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ തുടങ്ങി പത്തിലേറെ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചത്.
ഫ്രാൻസും സൗദി അറേബ്യയും ചേർന്നുള്ള നയതന്ത്രനീക്കത്തിന്റെ ഭാഗമായാണ് ഞായറാഴ്ച യു.എൻ പൊതുസഭ ചേർന്നത്. യൂറോപ്പിൽനിന്ന് യു.കെ, ഫ്രാൻസ് എന്നിവക്ക് പുറമെ, പോർചുഗൽ, ബെൽജിയം, മാൾട്ട, അൻഡോറ, ലക്സംബർഗ് രാജ്യങ്ങളും അംഗീകാരം പ്രഖ്യാപിച്ചു.
നേരത്തേ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ വൻകരകളും യൂറോപിൽ ചില കിഴക്കൻ മേഖല രാജ്യങ്ങളുമാണ് പ്രധാനമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിച്ചിരുന്നത്. ഇത് യൂറോപ്പിലും വ്യാപകമായി അംഗീകാരം നേടുന്നത് ഇസ്രായേലിനും പിന്തുണക്കുന്ന അമേരിക്ക അടക്കം രാജ്യങ്ങൾക്കും മേൽ സമ്മർദം ഇരട്ടിയാക്കും. 145 ൽ ഏറെ രാജ്യങ്ങൾ നേരത്തേ അംഗീകാരം നൽകിയ രാഷ്ട്ര പദവി ഫലസ്തീന് സഹായമെത്തിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ വേഗം നൽകുമെന്നാണ് പ്രതീക്ഷ.
തെൽ അവീവ്: ഗസ്സയിൽ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ ഇസ്രായേൽ നഗരമായ അഷ്‌ദോദിലേക്ക് റോക്കറ്റാക്രമണം. അഷ്‌ദോദിലേക്ക് രണ്ട് റോക്കറ്റുകൾ വിക്ഷേപിക്കപ്പെട്ടതായി ഇസ്രായേൽ സൈന്യം പറയുന്നു. വടക്കൻ ഗസ്സ മുനമ്പിൽനിന്നാണ് തങ്ങളുടെ തുറമുഖ നഗരത്തിലേക്ക് റോക്കറ്റുകൾ വന്നതെന്നും ഐ.ഡി.എഫ് ആരോപിക്കുന്നു. ഒരു റോക്കറ്റ് വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. രണ്ടാമത്തേത് തുറന്ന പ്രദേശത്ത് പതിച്ചു. ഏപ്രിൽ ആറിനുശേഷം അഷ്‌ദോദിൽ ആദ്യമായാണ് ആക്രമണം നടക്കുന്നത്. പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.