കുടിയേറ്റ വ്യാപനത്തിന് ഇസ്രായേൽ; വെസ്റ്റ് ബാങ്കിൽ 3400 കുടിയേറ്റ ഭവനം കൂടി നിർമിക്കും

ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 3476 കുടിയേറ്റ ഭവനംകൂടി നിർമിക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു. ഇതിൽ 2452 എണ്ണം കിഴക്കൻ ജറൂസലമിലെ മാലി അദൂമിമിലും 694 എണ്ണം കിദർ, 330 എണ്ണം ഇഫ്റത് എന്നിവിടങ്ങളിലുമാണ് നിർമിക്കുക.

മാലി അദൂമിമിൽ രണ്ടാഴ്ച മുമ്പ് ഇസ്രായേൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയാണിതെന്ന് ഇസ്രായേൽ ധനമന്ത്രി ബെസലിൽ സ്മോട്റിച് പറഞ്ഞു. 20,000ത്തോളം കുടിയേറ്റ ഭവനങ്ങൾക്ക് കഴിഞ്ഞ വർഷം ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. അതേസമയം, കുടിയേറ്റ വ്യാപനത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയരുന്നുണ്ട്.

ഫലസ്തീൻ ഭൂമി കൈക്കലാക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി സ്ഥിരീകരിക്കുന്നതാണ് കുടിയേറ്റ വ്യാപനമെന്ന് ഹമാസ് പ്രതികരിച്ചു. ജർമനി, ഖത്തർ, സൗദി, ജോർഡൻ തുടങ്ങിയ രാജ്യങ്ങളും അപലപിച്ച് രംഗത്തെത്തി. കുടിയേറ്റ വ്യാപനം സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

വെടിനിർത്തൽ ചർച്ച 10 മുതൽ വീണ്ടും

കൈറോ: ഗസ്സയിലെ വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ച ഞായറാഴ്ച പുനരാരംഭിക്കും. റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാക്കാൻ ലക്ഷ്യമിട്ട് ഖത്തർ, ഈജിപ്ത്, യു.എസ് എന്നീ രാജ്യങ്ങൾ മുൻകൈയെടുത്ത് ഈജിപ്തിലെ കൈറോയിൽ കഴിഞ്ഞയാഴ്ച മുതൽ നടത്തിവന്ന ചർച്ച വിജയിക്കാതെ പ്രതിനിധികൾ മടങ്ങിയിരുന്നു. അതിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 30,800 ആയി. ഇതിൽ 12,300 പേർ കുട്ടികളാണ്. 8000ത്തിലേറെ പേരെ കാണാതായിട്ടുമുണ്ട്. 72,298 പേർക്ക് പരിക്കേറ്റു. ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിൽ 113 കുട്ടികൾ ഉൾപ്പെടെ 424 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Israel approves 3426 homes for settlers in West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.