സെന്റ് പീറ്റേഴ്സ്ബർഗിലെ വാഗ്നർ കൂലിപ്പടയുടെ മുൻ ആസ്ഥാനത്തിന് സമീപം പ്രിഗോഷിന് ആദരാഞ്ജലി

അർപ്പിക്കുന്ന സേനാംഗം

പ്രിഗോഷിന്റെ മരണം പുടിന്റെ പ്രതികാരമോ?

മോസ്കോ: റഷ്യയിലെ വാഗ്നർ കൂലിപ്പട മേധാവി യെവ്ഗെനി പ്രിഗോഷിന്റെ മരണത്തിനുപിന്നിൽ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രതികാരമാണെന്ന സംശയം ബലപ്പെടുന്നു. പ്രിഗോഷിൻ സഞ്ചരിച്ച വിമാനത്തിൽ അസാധാരണ സാഹചര്യമുണ്ടായതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. 30 സെക്കൻഡിനകമാണ് വിമാനം താഴേക്ക് കൂപ്പുകുത്തി തകർന്നുവീണതെന്ന് ൈഫ്ലറ്റ് ട്രാക്കിങ് വെബ്സൈറ്റുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനത്തിനുനേരെ ആക്രമണം ഉണ്ടായെന്ന സൂചനയിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു.

അതേസമയം, പ്രിഗോഷിന്റെ മരണത്തിൽ ആശ്ചര്യമില്ലെന്നും റഷ്യയിൽ പുടിൻ അറിയാതെ ഒന്നും സംഭവിക്കില്ലെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മോസ്കോയിൽനിന്ന് സെന്റ് പീറ്റേഴ്സ്ബർഗിലേക്കുള്ള യാത്രക്കിടെ പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ട് 6.19ഓടെയാണ് പ്രിഗോഷിൻ അടക്കം 10 പേർ സഞ്ചരിച്ചിരുന്ന എംബ്രായർ ലെഗസി 600 എക്സിക്യൂട്ടിവ് ജെറ്റ് തകർന്നുവീണത്. അതുവരെ പ്രശ്നങ്ങളൊന്നുമില്ലാതെ പറന്ന വിമാനം 30 സെക്കൻഡിനകമാണ് 28,000 അടിയിൽനിന്ന് 8000 അടിയിലേക്ക് കൂപ്പുകുത്തിയത്. പുക ഉയരുന്ന വിമാനം താഴേക്ക് വീഴുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒന്നോ അതിലധികമോ മിസൈലുകൾ വിമാനത്തെ ലക്ഷ്യംവെച്ചിട്ടുണ്ടാകാമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല.

ജൂണിൽ പുടിനെ വിറപ്പിച്ച് മോസ്കോ പിടിച്ചെടുക്കൽ ലക്ഷ്യമിട്ട് വാഗ്നർ കൂലിപ്പട നടത്തിയ സൈനിക നീക്കം ആശങ്ക ഉയർത്തിയിരുന്നു. സൈനിക നീക്കത്തെ ‘പിന്നിൽനിന്നുള്ള കുത്ത്’ എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകഷങ്കോ ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് കൂലിപ്പടയാളികൾ മടങ്ങിയത്. പ്രിഗോഷിന് ബെലറൂസിൽ രാഷ്ട്രീയ അഭയവും നൽകിയിരുന്നു. ബെലറൂസിലേക്ക് പോകാൻ പ്രിഗോഷിൻ ഉപയോഗിച്ച അതേ വിമാനമാണ് ഇപ്പോൾ തകർന്നുവീണത്.

Tags:    
News Summary - Is Prigozhin Dead Putin's Revenge?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.