തെഹ്റാൻ: തലസ്ഥാന നഗരമായ തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഇറാൻ സായുധ സേന വക്താവ് അബുൽഫസൽ ഷെക്കാർച്ചി മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയെ വീണ്ടും യുദ്ധസമാന ഭീതിയിലേക്ക് തള്ളിവിടുന്നതാണ് ഇസ്രായേലിന്‍റെ നടപടി. ഇസ്രായേൽ തങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ദേശീയ സുരക്ഷ കൗൺസിലിന്‍റെ അടിയന്തര യോഗം വളിച്ചുചേർത്തിട്ടുണ്ട്. ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രായേൽ ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മുഖ്യ ഉപദേശകൻ അലി ഷാംഖാനിക്കും പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതേസമയം, മുതിർന്ന സൈനിക ജനറൽ മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചു. നിലവിൽ ബഗേരി വാർ റൂമിലുണ്ടെന്നും അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്നും ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. യു.എസുമായി ചർച്ച നടക്കുന്നുണ്ടെന്നും ഇറാനെ ആക്രമിച്ചത് ഇസ്രായേലിന്‍റെ സ്വന്തം തീരുമാനത്തിന്‍റെ ഭാഗമാണെന്നും ഇസ്രായേൽ യു.എൻ പ്രതിനിധി ഡാന്നി ഡാനോൺ പ്രതികരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് ഇസ്രായേൽ ഇറാന്‍റെ സൈനിക, ആണവ കേന്ദ്രങ്ങലെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) ചീഫ് കമാൻഡറും മുതിർന്ന സൈനികരും കൊല്ലപ്പെട്ടു. ഐ.ആർ.ജി.സിയുടെ ചീഫ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമിയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇസ്രായേലും സലാമിയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, മുതിർന്ന ആണവ ശാസ്ത്രഞ്ജനും ഇസ്ലാമിക് ആസാദി യൂനിവേഴ്സിറ്റി പ്രസിഡന്‍റുമായ മുഹമ്മദ് മെഹ്ദി, ആണവ ശാസ്ത്രഞ്ജനും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫെറെയ്ദൂൻ അബ്ബാസിയും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇറാനുനേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. തെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളിൽ കെട്ടിടങ്ങൾ ഭാഗികമായി തകർന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.
നേരത്തെ തന്നെ, ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി അമേരിക്കയുടെ സമ്മതമില്ലാതെ ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ തീരുമാനിച്ചേക്കുമെന്ന് നേരത്തെ യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.