ഇറാന്‍ കീഴടങ്ങില്ല, തിരിച്ചടിക്കും: ഡൽഹിയിൽ നിന്ന് അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്‍റ്
ന്യൂഡൽഹി: അമേരിക്കക്കും ഇസ്രായേലിനുമെതിരെ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. സമ്മർദങ്ങൾക്ക് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും പെസഷ്കിയാൻ വ്യക്തമാക്കി. ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ഇന്ത്യൻ മതനേതാക്കളെയും വ്യവസായ പ്രമുഖരെയും അഭിസംബോധന ചെയ്യുന്നതിനിടെയാണ് അമേരിക്കക്കും ഇസ്രായേലിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ–ഇറാൻ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചയായി. രണ്ടാഴ്ചക്കിടെയുള്ള ഇരു നേതാക്കളുടെയും രണ്ടാമത്തെ കൂടികാഴ്ചയാണിത്. ആഗസ്റ്റ് 31ന് ബിഷ്കെക്കിൽ നടന്ന എസ്.സി.ഒ ഉച്ചകോടിക്കിടെയാണ് ഇരുവരും നേരത്തെ കൂടിക്കാഴ്ച നടത്തിയത്.
വെള്ളിയാഴ്ചയാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറാൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. ഇതിന് പിന്നാലെ നടത്തിയ ചർച്ചയിലായിരുന്നു അമേരിക്കക്കും ഇസ്രായേലിനുമെതിരെ അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചത്. തങ്ങൾ ഒരിക്കലും കീഴടങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
`നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ സൈനികരോടും സൈനിക സംവിധാനങ്ങളോടും മാത്രം പോരാടൂ. എന്തിനാണ് അടിസ്ഥാന സൗകര്യങ്ങളും ജനങ്ങളുടെ ഉപജീവനമാർഗങ്ങളും ലക്ഷ്യമിടുന്നത്? ഇറാനിലെ ജനങ്ങൾ കീഴടങ്ങില്ല. ഞങ്ങൾ മനുഷ്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നു. ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും - മുഴുവൻ മനുഷ്യരാശിക്കും - തുല്യ അവകാശങ്ങളുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നു' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളിയാഴ്ച നടത്തിയ ചർച്ചകൾ ഇന്ത്യയും ഇറാനും തമ്മിലുള്ള കൂടുതൽ സഹകരണത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. സംസ്കാരം, സാങ്കേതികവിദ്യ, വ്യാപാരം, ശാസ്ത്രം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
`ഇന്ത്യന്‍ സർക്കാറിനും പ്രധാനമന്ത്രിക്കും മികച്ച ആതിഥേയത്വത്തിന് നന്ദി അറിയിക്കണം. ഞങ്ങൾ തമ്മിൽ വളരെ നല്ല ചർച്ചകൾ നടത്തി. ഈ ചർച്ചകൾ സംസ്കാരം, സാങ്കേതികവിദ്യ, വ്യാപാരം, ശാസ്ത്രം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിലും മറ്റ് മേഖലകളിലും കൂടുതൽ സഹകരണത്തിന് വഴിയൊരുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമുക്ക് അവയെ ഒരുമിച്ച് പുനരുജ്ജീവിപ്പിക്കാൻ കഴിയും' എന്ന് ഇറാന്‍ പ്രസിഡന്‍റ് കൂട്ടി ചേർത്തു.
ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ബ്രിക്സുമായി ബന്ധപ്പെട്ട യോഗങ്ങളിൽ ഇറാൻ പതിവായി ഉയർന്നതലത്തിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. തെക്കൻ രാജ്യങ്ങൾക്കിടയിൽ പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയുടെ മനോഭാവം വളർത്തുന്നതിൽ ബ്രിക്സിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.