സൽമയ് ഖലീൽസാദ്

‘9/11ന് ശേഷം താലിബാനുമായി ചർച്ച വേണമായിരുന്നു’; അമേരിക്കക്ക് പിഴവ് സംഭവിച്ചെന്ന് മുൻ നയതന്ത്രജ്ഞൻ

വാഷിങ്ടൺ: 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിന് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം, അക്കാലത്ത് സംഭവിച്ച നയപരമായ വീഴ്ചകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുൻ യു.എസ് നയതന്ത്രജ്ഞൻ സൽമയ് ഖലീൽസാദ്. അൽ ജസീറയുടെ 'ദിസ് ഈസ് അമേരിക്ക' എന്ന പരിപാടിയിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആക്രമണത്തിനു ശേഷമുള്ള രാജ്യത്തെ കടുത്ത ഭയവും രോഷവുമാണ് വരുംകാലങ്ങളെ മാറ്റിമറിച്ച പല തെറ്റായ തീരുമാനങ്ങളിലേക്കും നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായ 9/11 സംഭവത്തിൽ ഏകദേശം 3,000 ആളുകളാണ് കൊല്ലപ്പെട്ടത്. ജോർജ് ഡബ്ല്യു ബുഷ് ഭരണകൂടത്തിന് കീഴിൽ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സീനിയർ ഡയറക്ടറായിരുന്ന സൽമയ് ഖലീൽസാദ്, പിന്നീട് അഫ്ഗാനിസ്താൻ, ഇറാഖ്, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിലെല്ലാം യു.എസിന്റെ ഉന്നത നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആക്രമണം നടന്ന് ഒരു മാസത്തിനുള്ളിൽ അൽഖാഇദയെ ലക്ഷ്യമിട്ട് യു.എസ് അഫ്ഗാനിസ്താനിൽ അധിനിവേശം ആരംഭിക്കുകയും, അത് ഏകദേശം 20 വർഷം നീണ്ട യുദ്ധമായി മാറുകയും ചെയ്തു. ആക്രമണത്തിന് പിന്നിലെ രോഷവും മറ്റ് രഹസ്യ താവളങ്ങളെക്കുറിച്ചുള്ള ഭയവുമാണ് അക്കാലത്ത് പെട്ടെന്ന് നടപടികളിലേക്ക് കടക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്ന് ഖലീൽസാദ് ഓർമ്മിച്ചു. എന്നാൽ താലിബാനുമായി ചർച്ച നടത്താതിരുന്നതും അവരെ രാഷ്ട്രീയ പ്രക്രിയകളിൽ ഉൾപ്പെടുത്താതിരുന്നതും വലിയൊരു വീഴ്ചയാണെന്ന് ഖലീൽസാദ് അഭിമുഖത്തിൽ സമ്മതിച്ചു. 2001-ൽ യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ യു.എസുമായി ഒരു കരാറിലെത്താൻ താലിബാൻ തയാറായിരുന്നുവെങ്കിലും യു.എസ് അത് നിരസിക്കുകയായിരുന്നു. അന്നത്തെ കടുത്ത രോഷവും അമേരിക്കയുടെ ലോക മഹാശക്തിയെന്ന പദവിയുമാണ് അത്തരം തീരുമാനങ്ങൾക്ക് കാര്യമെന്നും അദ്ദേഹം വിലയിരുത്തി.

അഫ്ഗാനിസ്താൻ അധിനിവേശത്തിന് രണ്ട് വർഷത്തിന് ശേഷം, 2003ൽ ഇറാഖിനെതിരെയും യു.എസ് യുദ്ധം പ്രഖ്യാപിച്ചു. ഇറാഖിന്റെ കൈവശം വൻതോതിലുള്ള നാശമുണ്ടാക്കുന്ന ആയുധങ്ങൾ ഉണ്ടെന്ന തെറ്റായ രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബുഷ് ഭരണകൂടം ഈ യുദ്ധത്തെ ന്യായീകരിച്ചത്. എന്നാൽ പിന്നീട് ആ റിപ്പോർട്ടുകൾ വ്യാജമാണെന്ന് തെളിയുകയായിരുന്നു. ഈ യുദ്ധം എട്ട് വർഷത്തിലേറെ നീണ്ടുനിൽക്കുകയും ഇറാഖി നേതാവ് സദ്ദാം ഹുസൈന്റെ പുറത്താക്കലിലും വധത്തിലും കലാശിക്കുകയും ചെയ്തു. 9/11 ആക്രമണം നടന്നില്ലായിരുന്നെങ്കിൽ തങ്ങൾ ഇറാഖിനെ ആക്രമിക്കില്ലായിരുന്നു എന്ന് വ്യക്തമാക്കിയ ഖലീൽസാദ്, അന്നത്തെ സാഹചര്യങ്ങളും വിവരങ്ങളും പ്രശ്നഭരിതമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

2020-ൽ ഡോണൾഡ് ട്രംപിന്റെ ആദ്യ കാലയളവിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ, 2021-ൽ ജോ ബൈഡന്റെ ഭരണകാലത്താണ് അഫ്ഗാനിസ്താനിൽ നിന്നുള്ള അമേരിക്കൻ സൈനിക പിന്മാറ്റം പൂർത്തിയായത്. സൈനിക പിന്മാറ്റം വലിയ രീതിയിൽ വിമർശിക്കപ്പെട്ടെങ്കിലും, അഫ്ഗാനിൽ നിന്ന് അമേരിക്കൻ സൈനികരെ പിൻമാനിച്ച തീരുമാനത്തെ ഖലീൽസാദ് പിന്തുണച്ചു. 20 വർഷത്തെ യുദ്ധത്തിന് ശേഷം ഭീകരവാദ ഭീഷണി ഒഴിവാക്കാനായെന്നും, ലോകം മാറിയ സാഹചര്യത്തിൽ മുൻഗണനകളും മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക പിന്മാറ്റത്തിന് ശേഷം താലിബാൻ വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും, ഭീകരവാദ വിഷയത്തിൽ യു.എസ് താൽപ്പര്യങ്ങൾക്ക് അനുകൂലമായ നിലപാടാണ് താലിബാൻ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Former top US diplomat reveals mistakes made after 9/11 attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.