‘സ്റ്റോയിക് വാരിയർ’പുതിയ പാത താണ്ടി, അനുമതിയില്ലാതെ ഹുർമുസ് കടക്കരുതെന്ന് ഇറാൻ

തെഹ്റാൻ: മുൻകൂർ അനുമതിയില്ലാതെ ഹുർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടന്നുപോകരുതെന്ന് മുന്നറിയിപ്പുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.സി). നിർദ്ദേശം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അന്താരാഷ്ട്ര സമുദ്രസംഘടനയുമായി ചേർന്ന് തയാറാക്കിയ പുതിയ കപ്പൽ ചാലിനെ ഇറാൻ ശക്തമായി വിമർശിക്കുന്നതായും ഐ.ആർ.ജി.സി പ്രസ്താവനയിൽ അറിയിച്ചു.

അമേരിക്കയും ഇറാനും തമ്മിൽ നൂറിലേറെ ദിവസം നീണ്ടുനിന്ന യുദ്ധത്തെത്തുടർന്ന് തടസ്സപ്പെട്ട ഹുർമുസ് കടലിടുക്കിന്റെ ഭാവി ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളിലെ പ്രധാന തർക്കവിഷയമായി തുടരുന്നതിനിടയിലാണ് ഇറാന്റെ പുതിയ നീക്കം.

ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്രക്ക് ഭാവിയിൽ ‘മാരിടൈം സർവിസ് ഫീസുകൾ’ ഈടാക്കാനാണ് ഇറാൻ പദ്ധതിയിടുന്നത്. എന്നാൽ ഇത് അന്താരാഷ്ട്ര കപ്പൽ ചാലായതിനാൽ യാതൊരുവിധ നികുതിയോ ഫീസോ ഈടാക്കാൻ അനുവദിക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഇറാൻ പ്രഖ്യാപിച്ച പാത മാത്രമാണ് ഔദ്യോഗികമെന്നും അനുമതിയില്ലാതെയുള്ള യാത്രകൾ അങ്ങേയറ്റം അപകടകരമാണെന്നും റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി.

കഴിഞ്ഞദിവസം ലൈബീരിയൻ എണ്ണക്കപ്പലായ ‘സ്റ്റോയിക് വാരിയർ’ ഒമാൻ തീരത്തോട് ചേർന്ന് പുതിയ പാതയിലൂടെ ഹുർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടിരുന്നു. ഇതാണ് ഇറാന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. യു.എ.ഇ, ഒമാൻ തീരങ്ങളോട് ചേർന്ന് ഒമാന്റെ മുസന്ദം പെനിൻസുല വഴിയാണ് കപ്പൽ യാത്ര ചെയ്തത്. അന്താരാഷ്ട്ര സമുദ്ര സംഘടനയും ഒമാനും ചേർന്ന് സുരക്ഷിത യാത്രക്കായി രൂപകൽപന ചെയ്തതാണ് ഈ പുതിയ പാത.

പുതിയ പാത വഴി കപ്പലുകൾ സഞ്ചരിക്കുന്നത് ഹുർമുസ് കടലിടുക്കിൽ തങ്ങൾക്കുള്ള മേധാവിത്വത്തെയും നിയന്ത്രണത്തെയും ബാധിക്കുമെന്നതാണ് ഇറാന്റെ ആശങ്കയെന്ന് മാധ്യമപ്രവർത്തകൻ റസൂൽ സെർദാർ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധം തുടങ്ങിയത് മുതൽ ആഗോള സമ്പദ്‌വ്യവസ്ഥക്കും ശത്രുക്കൾക്കും മേൽ സമ്മർദ്ദം ചെലുത്താൻ ഇറാൻ ഉപയോഗിക്കുന്നത് ഈ സമുദ്രപാതയാണ്. ഭാവിയിൽ സമാധാന കരാർ ഉണ്ടായാൽ പോലും ഹുർമുസിലെ തങ്ങളുടെ നിയന്ത്രണവും മേധാവിത്വവും വിട്ടുകൊടുക്കാൻ ഇറാൻ തയാറല്ലെന്നാണ് സൂചന.

ലോകത്തെ ആകെ അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്. ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് ഇതിന് വെറും 30 കിലോമീറ്റർ മാത്രമാണ് വിസ്തീർണമുള്ളത്. നിലവിൽ ഇറാന്റെ തീരത്തോട് ചേർന്നുള്ള പാത മാത്രമാണ് ഇറാൻ അംഗീകരിച്ചിട്ടുള്ളത്.

അതേസമയം, അമേരിക്കയും ഇറാനും ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ പ്രകാരം അടുത്ത 60 ദിവസത്തേക്ക് വാണിജ്യ കപ്പലുകൾക്ക് സൗജന്യമായി പാത ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ ഇതിനുശേഷമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. കടലിടുക്കിന്റെ മേൽനോട്ടവുമായി ബന്ധപ്പെട്ട ‘ചെലവുകൾ’ ഈടാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഇറാനും ഒമാനും കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

എന്നാൽ, ഹുർമുസ് കടലിടുക്കിൽ യാതൊരുവിധ നികുതിയും ഫീസും അംഗീകരിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ബഹ്‌റൈനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ ഒരു രാജ്യത്തിനും അന്താരാഷ്ട്ര സമുദ്രപാതകളിൽ നികുതി പിരിക്കാൻ അവകാശമില്ലെന്നും അത് ഒരു കരാറിലും അംഗീകരിക്കില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Iran warns against unauthorized passage through Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.