ഡൊണാൾഡ് ട്രംപ്,റജബ് ത്വയ്യിബ് ഉർദുഗാൻ
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പിന്മാറിയത് തന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി അടുപ്പമുള്ള നിലപാടുകൾ സ്വീകരിക്കാൻ സാധ്യതയുണ്ടായിരുന്ന ഉർദുഗാൻ, താൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് യുദ്ധത്തിൽ ഇടപെടാതിരുന്നതെന്ന് ട്രംപ് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
തങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഉർദുഗാൻ എപ്പോഴും ചെയ്തുതരാറുണ്ടെന്നും, അദ്ദേഹം തന്റെ ഒരു നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന അങ്കാറ ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ഉർദുഗാനോടുള്ള ബഹുമാനം കൊണ്ടാണ്.ഇതിനിടെ, തുർക്കിയക്ക് യുദ്ധവിമാനങ്ങളും ജെറ്റ് എൻജിനുകളും നൽകുന്ന കാര്യത്തിൽ അനുകൂലമായ നിലപാടാണ് ട്രംപ് സ്വീകരിച്ചത്. തുർക്കിയയെ വളരെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും താൻ ചെയ്യുമെന്നും അദ്ദേഹം സൂചന നൽകി. റഷ്യൻ എസ്-400 മിസൈൽ സംവിധാനം തുർക്കിയ വാങ്ങിയതിനെത്തുടർന്ന് നിർത്തിവെച്ച എഫ്-35 ജെറ്റ് വിമാനങ്ങൾ വീണ്ടും നൽകുന്നതിനെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിൽ നിയമപരമായ പരിശോധനകൾ നടന്നുവരികയാണ്.
അതേസമയത്ത്, മറുഭാഗത്ത് ഇറാൻ യുദ്ധത്തിൽ നാറ്റോ സഖ്യകക്ഷികൾ വേണ്ടത്ര സഹകരണം നൽകിയില്ലെന്ന് ട്രംപ് ആവർത്തിച്ചു. യുദ്ധസമയത്ത് യൂറോപ്യൻ രാജ്യങ്ങൾ കാര്യമായ പിന്തുണ നൽകിയിട്ടുണ്ടെന്ന് റുട്ടെ വാദിച്ചെങ്കിലും, ട്രംപ് അത് പൂർണ്ണമായി അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.