വെനിസ്വേലയിൽ ശക്തമായ ഭൂചലനം: 32 മരണം, എഴുന്നൂറിലധികം പേർക്ക് പരിക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാരക്കാസ്: വെനിസ്വേലയിലെ ഇരട്ട ഭൂചലനത്തിൽ 32 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡിഗ്രസ് അറിയിച്ചു.

തലസ്ഥാനമായ കാരക്കാസിലെ ചക്കാവോയിൽ മാത്രം നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു. ലാ ഗുവായറ നഗരത്തിൽ ഡസൻ കണക്കിന് കെട്ടിടങ്ങൾ തകർന്നുവീണു. മിറാൻഡ, അരാഗ്വ, കാരബോബോ, ഫാൽക്കൺ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം കനത്ത നാശം വിതച്ചു. പ്രധാന ഭൂചലനത്തിന് പിന്നാലെ 20ഓളം തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കബെല്ലോ അറിയിച്ചു.



ദുരന്തത്തിൽപ്പെട്ട വെനിസ്വേലക്ക് സഹായവുമായി ഒട്ടേറെ രാജ്യങ്ങൾ രംഗത്തെത്തി. അമേരിക്ക, ബ്രസീൽ, ബൊളീവിയ, അർജന്റീന, ഉറുഗ്വേ, പനാമ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രക്ഷാപ്രവർത്തനങ്ങൾക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചു. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി പ്രത്യേക സംഘങ്ങളെയും മെഡിക്കൽ സാമഗ്രികളും അയക്കാൻ യു.എസ് തയാറെടുക്കുന്നതായും വിദേശകാര്യ വകുപ്പ് അറിയിച്ചു.

ദുരന്തത്തിനിടെ രാജ്യത്ത് എക്സ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾക്കും വി.പി.എൻ സേവനങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന ആവശ്യം ശക്തമായി. വിദേശത്തുള്ള വെനിസ്വേലക്കാർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധിക്കുന്നില്ലെന്നും, സർക്കാർ വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് വിവിധ ആക്ടിവിസ്റ്റുകളും പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസും രംഗത്തെത്തി. സർക്കാർ വിമർശനങ്ങളെ ഭയന്നാണ് ഇന്റർനെറ്റ് സേവനങ്ങൾ തടയുന്നതെന്നാണ് ആക്ഷേപം.

നിലവിൽ സിവിൽ ഡിഫൻസ് സംവിധാനങ്ങളും ദേശീയ ദുരന്തനിവാരണ സേനയും ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടങ്ങൾക്ക് ഗുരുതരമായി തകരാർ സംഭവിച്ച പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 

Tags:    
News Summary - Venezuela earthquakes; Rodriguez says 32 killed, 700 injured from earthquakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.