ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന് പിന്നാലെ ഹുർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ നീക്കം സജീവമാകുന്നു. ഇന്ത്യയിലേക്ക് പുറപ്പെട്ട 30 കപ്പലുകൾ ഇതിനകം സുരക്ഷിതമായി കടലിടുക്ക് കടന്നതായി ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പുറമേ 26 കപ്പലുകൾ കൂടി യാത്രക്കായി പേർഷ്യൻ ഗൾഫിൽ കാത്തുനിൽക്കുന്നുണ്ട്.
ഇന്ത്യയിലേക്ക് എത്തുന്ന 30 കപ്പലുകളിൽ പകുതിയോളം എൽ.പി.ജി, എൽ.എൻ.ജി എന്നിവ കൊണ്ടുപോകുന്നവയാണ്. ബാക്കിയുള്ളവയിൽ ഏഴ് ക്രൂഡ് ഓയിൽ ടാങ്കറുകളും എട്ട് ബൾക്ക് കാർഗോ കപ്പലുകളും ഉൾപ്പെടുന്നു. മാർച്ച് ഒന്ന് മുതൽ ജൂൺ 17 വരെ 19 കപ്പലുകൾ മാത്രമാണ് കടലിടുക്ക് വഴി സഞ്ചരിച്ചത്. എന്നാൽ, യു.എസ്-ഇറാൻ കരാറിന് ശേഷം മാത്രം 11 കപ്പലുകൾ കൂടി സുരക്ഷിതമായി യാത്ര പൂർത്തിയാക്കി.
നിലവിൽ പേർഷ്യൻ ഗൾഫിൽ തുടരുന്ന 26 കപ്പലുകളിൽ എണ്ണം വളം, ഊർജ്ജ ഉൽപ്പന്നങ്ങൾ, മറ്റ് ചരക്കുകൾ എന്നിവയുമായി ഇന്ത്യ ലക്ഷ്യമാക്കി നീങ്ങുന്നവയാണ്. ലോകത്തെ ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന നിർണ്ണായക പാതയാണ് ഹുർമുസ് കടലിടുക്ക്. കരാറിന് മുമ്പ് ദിവസേന പത്തിൽ താഴെ കപ്പലുകൾ മാത്രം കടന്നിരുന്ന സ്ഥാനത്ത്, ഇപ്പോൾ ദിവസേന ശരാശരി 22 കപ്പലുകൾ വീതം കടലിടുക്ക് വഴി സഞ്ചരിക്കുന്നുണ്ടെന്ന് മാരിടൈം ട്രാക്കിങ് സ്ഥാപനമായ 'കെപ്ലർ' റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ അംഗീകരിച്ച പുതിയ ഒഴിപ്പിക്കൽ പാതകളിലൂടെയാണ് ഇപ്പോൾ കപ്പലുകൾ സഞ്ചരിക്കുന്നത്. ഒമാൻ തീരത്തോട് ചേർന്നുള്ള പാതയും, ഇറാനിയൻ അതിർത്തിയിലൂടെയുള്ള പ്രത്യേക പാതയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. കരാറിന് ശേഷം വലിയ ക്രൂഡ് ഓയിൽ ടാങ്കറുകളുടെ നീക്കവും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഹുർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത ചരക്ക് നീക്കം അത്യന്താപേക്ഷിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.