കാറക്കാസ്: വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ മരണം 164 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 971 ആയി. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരമുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡിഗ്രസ് അറിയിച്ചിരുന്നു.
തലസ്ഥാനമായ കാറക്കാസിലെ ചക്കാവോയിൽ മാത്രം നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു. ലാ ഗുവായറ നഗരത്തിൽ ഡസൻ കണക്കിന് കെട്ടിടങ്ങൾ തകർന്നുവീണു. മിറാൻഡ, അരാഗ്വ, കാരബോബോ, ഫാൽക്കൺ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം കനത്ത നാശം വിതച്ചു. പ്രധാന ഭൂചലനത്തിന് പിന്നാലെ 20ഓളം തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കബെല്ലോ അറിയിച്ചിരുന്നു. ദുരന്തത്തിൽപ്പെട്ട വെനിസ്വേലക്ക് സഹായവുമായി ഒട്ടേറെ രാജ്യങ്ങൾ രംഗത്തെത്തി. അമേരിക്ക, ബ്രസീൽ, ബൊളീവിയ, അർജന്റീന, ഉറുഗ്വേ, പനാമ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രക്ഷാപ്രവർത്തനങ്ങൾക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചു. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി പ്രത്യേക സംഘങ്ങളെയും മെഡിക്കൽ സാമഗ്രികളും അയക്കാൻ യു.എസ് തയാറെടുക്കുന്നതായും വിദേശകാര്യ വകുപ്പ് അറിയിച്ചു.
അതേ സമയം സംഭവത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇതോടൊപ്പം വെനിസ്വേലക്ക് വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി വെനിസ്വേലയിലെ സർക്കാരിനും ജനങ്ങൾക്കും ഇന്ത്യയുടെ പിന്തുണ അറിയിച്ചത്. ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഈ ദുഷ്കരമായ സാഹചര്യത്തിൽ ഇന്ത്യ വെനിസ്വേലക്കൊപ്പം നിലകൊള്ളുമെന്നും മോദി വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്കായി എല്ലാവിധ സഹായങ്ങളും നൽകാൻ ഇന്ത്യ സജ്ജമാണെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.