തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാർ ഈ വാരാന്ത്യത്തിൽ ഒപ്പുവെച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനെ തിരുത്തി ഇറാൻ. കരാറിന്റെ കാര്യത്തിൽ തങ്ങൾ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നാണ് ഇറാൻ നൽകുന്ന വിശദീകരണം. കരാർ യാഥാർത്ഥ്യമായാൽ ഹുർമുസ് കടലിടുക്ക് വീണ്ടും കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
കരാർ സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും എന്നാൽ തങ്ങളുടെ നയപരമായ അതിർവരമ്പുകൾ മറികടന്നുള്ള ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി. വിഷയം നിലവിൽ ഇറാന്റെ ഉന്നത തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമിതികളുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമേൽ നടത്താനിരുന്ന സൈനികാക്രമണങ്ങൾ ചർച്ചകളിലെ പുരോഗതിയെത്തുടർന്ന് റദ്ദാക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മികച്ചൊരു ധാരണയിൽ നമ്മൾ എത്തിക്കഴിഞ്ഞു എന്നാണ് വൈറ്റ് ഹൗസിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. യൂറോപ്പിൽ വെച്ച് ഈ വാരാന്ത്യത്തിൽ തന്നെ കരാർ ഒപ്പുവെച്ചേക്കുമെന്നും അമേരിക്കക്ക് വേണ്ടി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഒപ്പുവെക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് വേണ്ടി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ അംഗീകാരം നൽകിയതായാണ് താൻ മനസ്സിലാക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ വ്യോമാക്രമണം നടത്തിയതോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. പിന്നീട് ഏപ്രിൽ ആദ്യം പ്രഖ്യാപിച്ച താല്ക്കാലിക വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഇരുപക്ഷവും ഈ ആഴ്ചയും ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു.
അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്ന് ഹുർമുസ് കടലിടുക്കിന് ചുറ്റും ശക്തമായ ആക്രമണം നടത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു. ഇറാന്റെ ഇന്ധന കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടിയായി മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.
അതേസമയം അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നതിൽ ജനങ്ങൾക്കുള്ള അമർഷം ട്രംപിന്റെ ജനപ്രീതിയെ ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമോ എന്ന് റിപ്പബ്ലിക്കൻ പാർട്ടി ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ യുദ്ധം അവസാനിപ്പിക്കേണ്ടത് ട്രംപിന്റെ ആഭ്യന്തര രാഷ്ട്രീയ ആവശ്യ കൂടിയാണ്.
സമാധാനക്കരാറിന് ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും തങ്ങൾ ഈ കരാറിന്റെ ഭാഗമല്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.