തെഹ്റാൻ: ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഡേറ്റ കേബിളുകളും ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി ഇറാൻ. പ്രതിദിനം എണ്ണയും പ്രകൃതിവാതകവുമടക്കം 100ലേറെ കപ്പലുകൾ കടന്നുപോയിരുന്ന ഹുർമുസിനടിയിലൂടെ നിരവധി സമുദ്രാന്തര കേബിളുകളും പോകുന്നുണ്ട്. ഗൾഫ് രാജ്യങ്ങൾ വഴി ഇന്ത്യക്കും ദക്ഷിണ-പൂർവേഷ്യൻ രാജ്യങ്ങൾക്കും അതിപ്രധാനമായ കേബിളുകളാണിവ. ഇവ ആക്രമിച്ചാൽ വാണിജ്യം തടസ്സപ്പെടുമെന്ന് മാത്രമല്ല, സാമ്പത്തിക ഇടപാടുകൾ മന്ദഗതിയിലാകാനും അതുവഴി സാമ്പത്തിക പ്രതിസന്ധി വരുത്താനുമാകും. യു.എ.ഇ, സൗദി അറേബ്യ അടക്കം ജി.സി.സി രാജ്യങ്ങൾ എണ്ണക്കുമേൽ ആശ്രയം കുറക്കാൻ ശതകോടികളാണ് എ.ഐ രംഗത്തും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കുമായി നിക്ഷേപമിറക്കിയിരിക്കുന്നത്.
ഡേറ്റ അതിവേഗം സഞ്ചരിക്കാൻ സമുദ്രാന്തര കേബിളുകളാണ് ഇവയെ സഹായിക്കുന്നത്. ദക്ഷിണ-പൂർവേഷ്യയെ ഈജിപ്ത് വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഏഷ്യ-ആഫ്രിക്ക-യൂറോപ് 1 (എ.എ.ഇ1) ആണ് അതിലൊന്ന്. യു.എ.ഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവയുമായെല്ലാം ഈ കേബ്ൾ ശൃംഖല ബന്ധിച്ചുകിടക്കുന്നു. ഇന്ത്യ, ശ്രീലങ്ക എന്നിവയെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഫാൽക്കൺ ശൃംഖല, ഇറാനുമായി ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗൾഫ് ബ്രിഡ്ജ് ഇന്റർനാഷനൽ കേബ്ൾ സിസ്റ്റം തുടങ്ങി പുതുതായി ഒരുങ്ങുന്നവയടക്കം പലതുണ്ട്.
2014നും 2025നുമിടയിൽ ഈ കേബ്ൾ ശൃംഖലകളുടെ എണ്ണം കുത്തനെ ഉയർന്നപ്പോൾ പ്രതിവർഷം ഇവയുമായി ബന്ധപ്പെട്ട് ശരാശരി 150-200 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മത്സ്യബന്ധന ബോട്ടുകളും കപ്പലുകളും നങ്കൂരമിടുമ്പോൾ സംഭവിക്കുന്ന അപ്രതീക്ഷിത അപകടങ്ങളാണ് ഇവയിലേറെയും. സമുദ്രാന്തര ഒഴുക്ക്, ഭൂചലനങ്ങൾ, അഗ്നിപർവത സ്ഫോടനങ്ങൾ, കൊടുങ്കാറ്റുകൾ എന്നിവയും കാരണമാകാം.എന്നാൽ, ബോധപൂർവം ആക്രമണം നടന്നാൽ സ്ഥിതി കൈവിട്ടുപോകും. ഗൾഫ് രാജ്യങ്ങളിലെ ആമസോൺ വെബ് സർവിസ് ഡേറ്റ സെന്ററുകളിലടക്കം ആക്രമണം നടത്തിയ ഇറാൻ ഇതുവരെയും ഡേറ്റ കേബിളുകൾ ആക്രമിച്ചിരുന്നില്ല.
നിലവിൽ യാത്ര മുടങ്ങി ഇരുവശത്തും നങ്കൂരമിട്ട എണ്ണമറ്റ കപ്പലുകൾ നങ്കൂരം ഉയർത്തുമ്പോൾ കേബിളുകൾ പൊട്ടാൻ സാധ്യത കൂടുതലാണ്. കടലിലെ സൈനിക നീക്കങ്ങൾ ഉണ്ടാക്കാവുന്ന അപകടങ്ങൾ ഇതിലേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.