ഹുർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം: ട്രംപിന്റെ വാദം തള്ളി ഇറാൻ

ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണം തള്ളി ഇന്ത്യയിലെ ഇറാൻ എംബസി. ട്രംപിന്റെ വാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ നിന്നും പൊതുശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ നീക്കമാണിതെന്നും ഇറാൻ കുറ്റപ്പെടുത്തി.

ഹുർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന യു.എസ് പ്രസിഡന്റിന്റെ ആരോപണം വ്യാജമാണ്. ഒരാഴ്ചക്കുള്ളിൽ മൂന്ന് ഇന്ത്യൻ കപ്പലുകൾ ആക്രമിക്കുകയും മൂന്ന് നിരപരാധികളായ ഇന്ത്യൻ നാവികരെ വധിക്കുകയും ചെയ്ത തങ്ങളുടെ ക്രൂരതകളിൽ നിന്ന് ലോക ശ്രദ്ധ തിരിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം പരിതാപകരമാണെന്ന്ഇന്ത്യയിശല ഇറാൻ എംബസി വ്യക്തമാക്കി.

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ട്രംപ് നടത്തിയ പരാമർശമാണ് ഇറാന്റെ പ്രതികരണത്തിനിടയാക്കിയത്. ഹുർമുസ് കടലിടുക്ക് വഴി കടന്നുപോയ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.

ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തിൽ പ്രതിഷേധവും ആശങ്കയും അറിയിക്കാൻ ന്യൂഡൽഹിയിലെ യു.എസ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജെയ്‌സൺ മീക്സിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.ശനിയാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ച് ഇന്ത്യയുടെ കടുത്ത വിയോജിപ്പ് അറിയിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം മാരകമായ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ജയശങ്കർ വ്യക്തമാക്കി.

മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ച വിവരം മന്ത്രി തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ‘യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. ഗൾഫ് മേഖലയിൽ യു.എസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിലുള്ള ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഞാൻ ആവർത്തിച്ചു. വാണിജ്യ കപ്പലുകൾക്കെതിരായ ഇത്തരം മാരകമായ നടപടികൾ ഒരിക്കലും നീതീകരിക്കാനാവില്ല’ -ജയശങ്കർ കുറിച്ചു.

Tags:    
News Summary - Iran Rejects Trump Claim on Strait of Hormuz Ship Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.